കോഴിക്കോട്: മുസ്ലിം ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് സംബന്ധിച്ച വാര്‍ത്തയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ഇതുസംബന്ധിച്ച് ആരോപണമുന്നയിച്ചയാള്‍ക്ക് ലീഗുമായി ബന്ധമില്ലെന്നും ആദ്ദേഹം പഴയ ഡി.വൈ.എഫ്.ഐക്കാരനാണെന്നും പി.എം.എ. സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘അയാള്‍ കൈരളി ചാനലില്‍ പോയിയിരുന്നാണ് കരയുന്നത്. അതിനര്‍ത്ഥം ഈ സംഭവസ്ഥലത്ത് ഒരു ചാനലും ഉണ്ടായിട്ടില്ല. സംഭവം കണ്ട ഒരു മനുഷ്യനും ഇല്ല. ഇയാള്‍ പഴയ ഡി.വൈ.എഫ്.ഐക്കാരനാണ്. അതില്‍ നിന്ന് പുറത്താക്കിയിട്ടോ രാജിവെച്ചിട്ടോ ഞങ്ങളുടെ തൊഴിലാളി വിഭാഗത്തിന്റെ കൂടെ പ്രവര്‍ത്തിച്ചയാളാണ്. അതില്‍ നിന്നും സഹിക്കാന്‍ കഴിയാഞ്ഞിട്ട് പുറത്താക്കി വിട്ടതാണ്.
അയാള്‍ക്ക് ലീഗുമായി ബന്ധമില്ല. ആറ്റിപ്ര എന്ന് പറയുന്ന പ്രദേശം ലീഗിന്റെ ശക്തി കേന്ദ്രമാണ്. ഈ സംഭവം നടന്ന വാര്‍ഡ് ലീഗിന് ജനപ്രതിനിധിയുണ്ടായിരുന്ന വാര്‍ഡാണ്.
ഈ ലീഗുകാരൊന്നും അറിയാതെ മറ്റൊരു മണ്ഡലത്തില്‍ നിന്ന് വന്ന ഇയാള്‍ ലീഗിന് വേണ്ടി വാദിച്ചു എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഇത് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു എന്ന് പറയുന്നത് പോലെ കൈരളിയും സി.പി.ഐ.എമ്മും ഉണ്ടാക്കിയെടുത്ത കള്ളക്കഥയാണ്,’ സലാം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ആണ്ടൂര്‍ക്കോണം സനല്‍ കുമാര്‍ ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടു പോയി കെട്ടാന്‍ പറഞ്ഞതായി ആയിരുന്നു ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ആരോപിച്ചിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന് വെമ്പായം നസീര്‍ പരാതിയും നല്‍കിയിരുന്നു.
‘പച്ചക്കൊടി കണ്ട് ഹാലിളകിയ കോണ്‍ഗ്രസ് നേതാവ് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതീകം’ എന്നായിരുന്നു ഇതിന് പിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പ്രതികരണം. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
CONTENT HIGHLIGHTS: PMA Salam says Former DYFI member created controversy by allegedly telling League flag to fly in Pakistan