| Thursday, 2nd March 2023, 11:52 pm

കേരളത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍.ഡി.എഫിന് കെട്ടിവെച്ച കാശ് കിട്ടില്ല: പി.എം.എ. സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍.ഡി.എഫിന് കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. സംസ്ഥാന സര്‍ക്കാര്‍ നൂറ് ശതമാനം പരാജയമാണെന്നും ഈ യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ എത്ര ജാഥ നടത്തിയിട്ടും കാര്യമില്ലെന്നും സലാം മലപ്പുറത്ത്
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്‌ലിം ലീഗില്‍ നിന്നും പതിനായിരക്കണക്കിനാളുകള്‍ സി.പി.ഐ.എമ്മിലെത്തിയെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കും അദ്ദേഹം മറുപടി പറഞ്ഞു. ലീഗില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് പോയ ഒരാളെ കാണിച്ച് തരണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

‘രണ്ടരലക്ഷം മെമ്പര്‍ഷിപ്പ് മുസ്‌ലിം ലീഗിന് കൂടിയിട്ടുണ്ട്. അതിനുകാരണം, സി.പി.ഐ.എമ്മുകാര്‍ ലീഗിലേക്ക് വന്നത് തന്നെയാണ്,’ പി.എം.എ. സലാം പറഞ്ഞു.

ജനങ്ങളെ കണ്ടാല്‍ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങി. അതിന്റെ ഫലമാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം.

വിലക്കയറ്റത്തില്‍ ജനം ദുരിതമനുഭവിക്കുന്നതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ തലക്കുമീതെ കൂടുതല്‍ ഭാരം കയറ്റിവെച്ച് അവരെ പിന്നെയുംപിന്നെയും പീഡിപ്പിക്കുകയാണ്,’ പി.എം.എ. സലാം പറഞ്ഞു.

Content Highlight: PMA.Salam said  If elections are held in Kerala now, LDF will not get the promised money

We use cookies to give you the best possible experience. Learn more