'പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ ജയിച്ചു, സരിനെ അനുഗ്രഹിച്ച ഒരു നേതാവുണ്ടല്ലോ'; ജിഫ്രി തങ്ങളെ അപമാനിച്ച പി.എം.എ. സലാമിനെതിരെ സമസ്ത നേതാക്കള്‍
Kerala News
'പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ ജയിച്ചു, സരിനെ അനുഗ്രഹിച്ച ഒരു നേതാവുണ്ടല്ലോ'; ജിഫ്രി തങ്ങളെ അപമാനിച്ച പി.എം.എ. സലാമിനെതിരെ സമസ്ത നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2024, 8:45 am

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിജയിച്ചുവെന്നും ഡോ. പി. സരിനെ അനുഗ്രഹിച്ച ഒരു നേതാവ് ഇവിടെയുണ്ടെന്നുമാണ് .എം.എ. സലാം പറഞ്ഞത്. കേരളത്തിലെ മുസ്‌ലിം സമൂഹം ആരുടെ കൂടെയാണെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

ഇക്കാര്യം പാലക്കാട് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്നാണ് ലീഗ് സെക്രട്ടറി പറഞ്ഞത്. കേരളത്തിലെ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന പത്രങ്ങളേതാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനും സമസ്തയ്ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പി.എം.എ സലാമിന്റെ പ്രസ്താവന. കുവൈത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പാലക്കാട് എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി. സരിനെ അനുഗ്രഹിച്ചത്. ഇക്കാര്യം ഉദ്ധരിച്ചായിരുന്നു ജിഫ്രി തങ്ങള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയുമുള്ള പി.എം.എ. സലാമിന്റെ പ്രതികരണം. പരോക്ഷമായിട്ടായിരുന്നു സലാമിന്റെ വിമര്‍ശനം.

അതേസമയം പി.എം.എ. സലാമിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ശിഹാബ് തങ്ങള്‍ അനുഗ്രഹിച്ച രമ്യ ഹരിദാസ് ചേലക്കരയില്‍ തോറ്റില്ലെ എന്ന ചോദ്യം ഉന്നയിച്ച് സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന അടക്കം രംഗത്തെത്തി.

സലാമിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ആശീര്‍വാദം തേടി സ്ഥാനാര്‍ത്ഥികള്‍ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുള്ളത് പതിവ് രീതിയാണെന്ന് ഏതാനും സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വരുന്നവരെ മാന്യമായി സ്വീകരിക്കുക എന്നത് മര്യാദയുമാണ്. ഇതിന്റെ പേരില്‍ കേരള മുസ്‌ലിങ്ങളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പ്രതികരിച്ചു. .

മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മറപിടിച്ച് സലഫി ആശയക്കാരായ സലാമുള്‍പ്പെടെ ചിലര്‍ നിരന്തരമായി സുന്നീ വിശ്വാസങ്ങളെയും സമസ്തയെയും ആക്ഷേപിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

സലഫി പ്രസ്ഥാനവുമായി സുന്നീ വിശ്വാസികള്‍ക്ക് ഒരിക്കലും യോജിക്കാത്ത വിഷയങ്ങള്‍ പോലും ലീഗ് വേദി പരസ്യമായി ഉപയോഗപ്പെടുത്തി തന്റെ സലഫി ആശയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുത്തിയത് സമീപകാലത്താണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫീ ആശയം പ്രചരിപ്പിക്കുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ല. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെയും സമസ്തയെയും പരസ്പരം അകറ്റി സലഫിസം നടപ്പിലാക്കാനുള്ള തത്പരകക്ഷികളുടെ ശ്രമത്തെ ചെറുത്തു തോല്‍പിക്കുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രസ്താവനയില്‍ ഒപ്പുവെച്ച നേതാക്കള്‍:

1. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി
(ജന. സെക്രട്ടറി, എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി)
2. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിങ് സെക്രട്ടറി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി)
3. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി)
4. എ.എം. പരീദ് (ട്രഷറര്‍, എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി)
5. ഇബ്രാഹിം ഫൈസി പേരാല്‍ (എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്)
6. മുസ്തഫ മുണ്ടുപാറ (എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി)
7. ഒ.പി. എം. അഷറഫ് (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി )
8. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി (വൈസ് പ്രസിഡന്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി)
9. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍)

Content Highlight: PMA Salam ridiculed jifri Muthukkoya