ലീഗിന് ക്ഷണക്കത്ത് അയക്കുന്നവര്‍ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയണോ? ഇ.പി ജയരാജന് മറുപടിയുമായി പി.എം.എ സലാം
Kerala News
ലീഗിന് ക്ഷണക്കത്ത് അയക്കുന്നവര്‍ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയണോ? ഇ.പി ജയരാജന് മറുപടിയുമായി പി.എം.എ സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 1:04 pm

കോഴിക്കോട്: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാല്‍ മുന്നണിപ്രവേശം ആലോചിക്കാമെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

മുന്നണി മാറ്റം മുസ്‌ലിം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് പലകുറി വ്യക്തമാക്കിയതാണെന്നും എന്നിട്ടും ഇടക്കിടെ ലീഗിന് ക്ഷണക്കത്ത് അയക്കുന്നവര്‍ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയണോ എന്നും പി.എം.എ സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

മുന്നണി വിപുലീകരണം ഇടതുപക്ഷത്തിന്റെ നയമാണെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്റെ കവാടങ്ങള്‍ അടക്കില്ലെന്നും മുന്നണി ശക്തിപ്പെടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാല്‍ മുന്നണിപ്രവേശം അപ്പോള്‍ ആലോചിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയില്‍ വന്നേക്കും. ആര്‍.എസ്.പി പുനര്‍ചിന്തനം നടത്തണം. യു.ഡി.എഫില്‍ എത്തിയ ആര്‍.എസ്.പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാര്‍ട്ടി ഈ നിലയിലെത്താന്‍ കാരണം. അവര്‍ പുനപരിശോധന നടത്തിയാല്‍ നല്ലതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

എല്‍.ഡി.എഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാല്‍ പി.ജെ. കുര്യനുമായും സഹകരിക്കും. മാണി സി. കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കും. എസ്.ഡി.പി.ഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.