| Wednesday, 1st December 2021, 6:01 pm

പള്ളിയില്‍ വെച്ച് ബോധവത്കരണം നടത്തണമെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് പി.എം.എ. സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. പള്ളികളില്‍ ആശയപ്രചാരണം നടത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു സലാമിന്റെ വാദം.

‘പള്ളികളില്‍ ശക്തി ഉപയോഗിച്ച് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കണെമെന്ന് മുസ്‌ലിം ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ല, ഒരു മതസംഘടനയും അങ്ങനെ പറഞ്ഞിട്ടില്ല. പറയാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ അവര്‍ പറഞ്ഞോട്ടെ.

ഇല്ലെങ്കില്‍ ജുമുഅ കഴിഞ്ഞ് ആളുകള്‍ റോഡിലേക്കിറങ്ങുമ്പോള്‍ അവിടെ ഈ ആശയക്കാരുണ്ടെങ്കില്‍ അവിടെ വെച്ച് പറഞ്ഞോട്ടെ. എല്ലാ പള്ളിയിലും ഇത് നടക്കണം അല്ലെങ്കില്‍ ശക്തി ഉപയോഗിച്ച് നടത്തും എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല,’ എന്നായിരുന്നു സലാം പറഞ്ഞിരുന്നത്.

പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനം മുസ്‌ലിം സംഘടനകളിടേതായിരുന്നുവെന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പിഎം.എ. സലാം നേരത്തെ പറഞ്ഞിരുന്നത്.

വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മതസംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്. കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖും രംഗത്ത് വന്നിരുന്നു. മുസ്‌ലിം പള്ളികള്‍ ലീഗ് ഓഫീസല്ലെന്നും പള്ളിയില്‍ ചോരവീണാല്‍ അതിനുത്തരവാദി മുസ് ലിം ലീഗ് ആയിരിക്കുമെന്നുമായിരുന്നു കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PMA Salam, Muslim League, Wakhaf Board PSC

Latest Stories

We use cookies to give you the best possible experience. Learn more