| Monday, 16th January 2023, 1:36 pm

ഷാജി എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ അപമാനിച്ചിട്ടില്ല, ലൈംഗിക അരാജകത്വം ജെന്‍ഡറിന്റെ പ്രശ്‌നമല്ല: പി.എം.എ സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ കുറിച്ചുള്ള മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസ്താവനയില്‍ വിവാദം വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

ഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ല. എല്ലാ വിഭാഗങ്ങളേയും പരിഗണിക്കണമെന്നാണ് ലീഗ് നിലപാട്. ജെന്‍ഡര്‍ നീതിയാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക അരാജകത്വം ജെന്‍ഡറിന്റെ പ്രശ്‌നമല്ല. ഇത്തരം വിഭാഗങ്ങളോട് വിവേചനം ഉണ്ടാകരുതെന്നും, എല്ലാ കമ്യൂണിറ്റിയേയും പരിഗണിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും പി.എം.എ സലാം പറഞ്ഞു.

എല്‍.ജി.ബി.ടി.ക്യൂ എന്ന പദം പോലും അപകടകരമാണെന്ന തന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി കെ.എം. ഷാജി വീണ്ടും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘എല്‍.ജി.ബി.ടി.ക്യു++’ എന്നതില്‍ തന്റെ വീക്ഷണം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കിയായിരുന്നു ഷാജിയുടെ പ്രതികരണം.

അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെന്‍ഡര്‍ പൊളിറ്റിക്സ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഷാജി പറഞ്ഞു.

കുടുംബ സംവിധാനവും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണെന്നും ഷാജി പറഞ്ഞു.

നേരത്തെ, ലെസ്ബിയന്‍, ബൈ സെക്ഷ്വാലിറ്റി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ കാര്യപ്പെട്ട പണിയാണെന്ന് വിചാരിക്കേണ്ടെന്നും, നമ്മുടെ നാട്ടിലെ തല്ലിപ്പൊളി പരിപാടിയാണെന്നും ഷാജി പറഞ്ഞിരുന്നു.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗം മതവിശ്വാസത്തിനെതിരാണെന്നും അടുത്ത തലമുറ ജെന്‍ഡര്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കാന്‍ പോകുകയാണെന്നും കെ.എം. ഷാജി പറഞ്ഞു.

Content Highlight: PMA Salam in support with KM Shaji over LGBTQ+ remark

We use cookies to give you the best possible experience. Learn more