കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സ്വാഗതം പറയുമ്പോള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങലെ മറന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
പിന്നീട് മായിന്‍ ഹാജി വന്ന് പി.എം.എ സലാമിനെ ഓര്‍മിപ്പിച്ചപ്പോഴാണ് അദ്ദേഹം മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി തങ്ങള്‍ക്കും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങള്‍ക്കും സ്വാഗതം പറഞ്ഞത്. ഹമീദലി തങ്ങളെ സ്വാഗതം ചെയ്തത് വലിയ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സ്വാഗതം ചെയ്തപ്പോഴും വലിയ കയ്യടിയാണ് സദസ്സില്‍ നിന്ന് ലഭിച്ചത്.
നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റിനെ അറിയില്ലെന്ന് പി.എം.എ സലാം പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹം ആദ്യം ഹമീദലി തങ്ങളെ മറക്കുകയും പിന്നീട് മായിന്‍ ഹാജി ഓര്‍മിപ്പിക്കുകയും അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ ലഭിച്ച കൈയടിയും ശ്രദ്ധേയമാകുന്നത്. നേരത്തെ പരിപാടിയില്‍ സമസ്തയില്‍ നിന്ന് ആരെയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ല എന്നതും വലിയ ചര്‍ച്ചയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നാണ് മുസ്‌ലിം ലീഗ് കോഴിക്കോട് നടക്കുന്ന റാലിയെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം ഡോ. ശശി തരൂര്‍ എം.പിയാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്.
നേരത്തെ ഇസ്രഈല്‍ അനുകൂല നിലപാടുകളെടുത്ത ശശി തരൂരിനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിനെതിരെയും വലിയ വിമര്‍ശനങ്ങളുയരുന്നുണ്ട്.
content highlights: PMA salam forgets Hamidali tahnagal at Palestine solidarity rally