കാസര്‍ഗോഡ്: കമ്മ്യൂണസിലേക്ക് പോകുന്നവര്‍ ഇസ്‌ലാം വിട്ടാണ് പോകുന്നതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ ഇസ്‌ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാകണമെന്നും അതിനവരെ നിരന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് പടന്നയില്‍ മുസ്‌ലിം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായാണ് പി.എം.എ. സലാം ഇക്കാര്യം പറഞ്ഞത്. തളിപ്പറമ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയുടെ മകന്‍ മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
‘കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ ഒരു പെണ്‍കുട്ടി. പോറ്റി വളര്‍ത്തിയ കുടുംബത്തെ വിട്ട് ഒരു കമ്മ്യൂണിസ്റ്റ്കാരിയുടെ മകന്റെ കൂടെ ഇറങ്ങിപ്പോയി. കല്യാണം കഴിച്ചു. ആ കുട്ടി പോയത് ലീഗില്‍ നിന്നല്ല. ആ കുട്ടി പോയത് ലീഗ് ഓഫീസില്‍ നിന്നല്ല. ആ കുട്ടി പോയത് ഇസ്‌ലാമില്‍ നിന്നാണ്.
സിനിമ അപൂര്‍വമായെങ്കിലും കാണുന്ന സഹോദരിമാരുണ്ടാവും. സന്ദേശം എന്നൊരു സിനിമയില്ലേ. അതില്‍ പറയുന്ന പോലെ ഒരു രക്തഹാരം അങ്ങോട്ടും ഇട്ടു. ഒരു രക്തഹാരം ഇങ്ങോട്ടും ഇട്ടു. കല്യാണം കഴിഞ്ഞു. അങ്ങനെയാണ് വിവാഹിതയയത്.
പയ്യന്റെ അമ്മ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുെട ജില്ലാ പഞ്ചായത്ത് മെമ്പറാണ്. ആ ഒരു സാഹചര്യം തളിപ്പറമ്പിലുണ്ടായി. അതല്ലേ ഷാജി പറഞ്ഞത്. ഈ കുട്ടി പോയത് മുസ്‌ലിം ലീഗില്‍ നിന്നല്ല, ഇസ്‌ലാമില്‍ നിന്നാണ്. അത്തരമൊരു സാഹചര്യമുണ്ടാകരുത്. സലാം പറഞ്ഞു.
‘നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ ഇസ്‌ലാമില്‍ അതിഷ്ഠിതമായ ജീവിതം നയിക്കുന്നവരാകണം. അവര്‍ക്കാ ബോധമുണ്ടാകണം. താല്‍ക്കാലികമായ വൈകാരിക ഇടപാടില്‍ ബാക്കി മുഴുവന്‍ ഉപേക്ഷിക്കാന്‍ പറ്റുമെന്നൊരു തോന്നല്‍ അവര്‍ക്കുണ്ടാവരുത്. അതിനവരെ നിരന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാണ് നമ്മുടെ കൂട്ടായ്മ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ മാസം കോഴിക്കോട് നടന്ന സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ ലീഗിനെ വിടാതെ പിന്തുടരുന്നതിനിടക്കാണ് പി.എം.എ. സലാമിന്റെ പരാമര്‍ശം.