| Monday, 16th October 2023, 11:41 am

തര്‍ക്കം മയപ്പെടുത്താന്‍ സലാം; ഹമീദലി തങ്ങളെ ഫോണില്‍ വിളിച്ച് അനുനയ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്കെതിരായ പരാമര്‍ശം വളച്ചൊടിച്ചെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ഹമീദലി തങ്ങളെ ഫോണില്‍ വിളിച്ച് സലാം കാര്യങ്ങള്‍ വിശദീകരിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമീദലി തങ്ങള്‍ക്കെതിരായ ഒരു തരത്തിലുള്ള പരാമാര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും സലാം ഹമീദലി തങ്ങളോട് വിശദീകരിച്ചു. ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്’ പത്രത്തിന് പി.എം.എ സലാം നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശമാണ് വിവാദമായിരുന്നത്.

എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് ആരാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ലെന്നായിരുന്നു സലാമിന്റെ പരാമര്‍ശം. ഇതിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയും ലീഗിലെ ഒരു വിഭാഗവും സലാമിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം മയപ്പെടുത്താന്‍ സലാമിന്റെ ഭാഗത്തുനിന്ന് തന്നെ ഇടപെടലുണ്ടാകുന്നത്.

പി.എം.എ സലാം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു.
എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് സമസ്ത പോഷക സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

‘ആദ്യം സമസ്ത അധ്യക്ഷനെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പി.എം.എ
സലാം അവഹേളിച്ചു. ഇപ്പോള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോള്‍ ഒപ്പിടുന്നയാള്‍ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിന്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്തുവരുന്നത്.

സമസ്തയും മുസ്‌ലിം ലീഗും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന സൗഹൃദത്തെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി,’ എസ്.കെഎസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: PMA Salam called SSSF state president Hamidali Thangal 

We use cookies to give you the best possible experience. Learn more