തിരുവനന്തപുരം: ഏക സിവില്‍ കോഡില്‍ സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ മുസ്‌ലിം ലീഗിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം. ഇന്നലെയാണ് ഔദ്യോഗികമായ ക്ഷണം ലഭിച്ചതെന്നും ഇതേക്കുറിച്ച് ലീഗ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലീഗിനോട് തൊട്ടുക്കൂടായ്മയുണ്ടെന്ന് മുഖ്യധാരാ പാര്‍ട്ടികളൊന്നും പറഞ്ഞിട്ടില്ലെന്നും ലീഗ് മതേതര പാര്‍ട്ടിയാണെന്നാണ് അമേരിക്കയില്‍ വരെ മറ്റ് രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞതെന്നും സലാം പറഞ്ഞു.
‘സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ക്ഷണം ലീഗിന് ഇന്നലെ ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ലീഗ് ചര്‍ച്ച ചെയ്ത് വളരെ പെട്ടെന്ന് തീരുമാനമെടുക്കും. ലീഗിന് തൊട്ടുക്കൂടായ്മയുണ്ടെന്ന് പ്രധാനപ്പെട്ട മുഖ്യധാരാ പാര്‍ട്ടികളൊന്നും പറഞ്ഞിട്ടില്ല.
മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണ്, മതേതര പാര്‍ട്ടിയാണ്, ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനപിന്തുണയുള്ള പാര്‍ട്ടിയാണ് എന്നൊക്കെയാണ് കേരളത്തിലും ഇന്ത്യയിലും അമേരിക്കയിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് അതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ അത് വലിയ തലക്കെട്ടില്‍ കൊടുത്തേക്കൂ,’ അദ്ദേഹം പറഞ്ഞു.
ലീഗ് യു.ഡി.എഫിലെ ഒരു ഘടകകക്ഷിയാണെന്നും അതുകൊണ്ട് വരും വരായ്കകള്‍ ചിന്തിച്ച് മാത്രമേ സി.പി.ഐ.എമ്മിന് മറുപടി നല്‍കുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ യു.ഡി.എഫിലെ ഒരു ഘടകകക്ഷിയാണ്. ഒരു പ്രവര്‍ത്തനവുമായി സഹകരിക്കുമ്പോള്‍ അതിലെ വരും വരായ്കയെക്കുറിച്ച് ചിന്തിക്കും. ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിന് സാധിക്കും. അത്തരമൊരു തീരുമാനം അടുത്ത ദിവസം തന്നെ പുറത്ത് വരും.
സി.എ.എ, എന്‍.ആര്‍.സി കേസുകള്‍, സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ സര്‍ക്കാരില്‍ പ്രശ്‌നങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. അത്‌കൊണ്ടല്ലേ ഇടത് മുന്നണിയേയും സി.പി.ഐ.എമ്മിനെയും നിരന്തരമായി എതിര്‍ക്കുന്നതും, സമരം ചെയ്യുന്നതും. ഞങ്ങള്‍ യു.ഡി.എഫിലെ ഘടകകക്ഷിയാണ്. അതില്‍ ഇങ്ങനൊരു തീരുമാനം വരുമ്പോള്‍ അതിന്റെ രൂപം, ഭാവം, ഘടനയെല്ലാം നോക്കണം. വിഭാഗീയമായാണോ പോകുന്നതെന്നും രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടിയുള്ള ശ്രമമാണോ എന്നൊക്കെ നോക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് രാഷ്ട്രീയ മുതലെടുപ്പിന്റെ വിഷയമല്ലെന്നും ഏതെങ്കിലും മതത്തെ ബാധിക്കുന്ന കാര്യവുമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ വിശ്വാസികളെയും ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ടെന്നും സലാം പറഞ്ഞു.
അതേസമയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയമായല്ലെന്ന് പറഞ്ഞിരുന്നു.
content highlights: pma salam about cpim seminar