പറ്റ്‌ന: ബീഹാറിലെ നളന്ദ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ വെടിവെച്ച് പൂര്‍വവിദ്യാര്‍ത്ഥി. 19 കാരനായ വിദ്യാര്‍ത്ഥി ക്ലാസ് നടക്കുന്ന സമയം സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയും അധ്യാപകനെ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഉദല്‍കുമാര്‍ എന്ന 19 കാരനാണ് പ്രതി.
55 കാരനായ പ്രധാനാധ്യാപകന്‍ സന്തോഷ് കുമാറിന് നേരെയാണ് ആക്രമണം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ത്ഥി ഒന്നിലേറെ തവണ നിറയൊഴിക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു ബുള്ളറ്റ് കാലില്‍ കൊണ്ടു.
കൈയില്‍ തോക്കുമായി പ്രതി പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് കയറുന്നത് സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു കസേരയില്‍ ഇരുന്ന് ഫോണ്‍ നോക്കുകയായിരുന്നു ഹെഡ്മാസ്റ്റര്‍ക്ക് നേരെ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു.
തോക്ക് റീലോഡ് ചെയ്യാന്‍ വേണ്ടി കുട്ടി ശ്രമിക്കുമ്പോള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് രക്ഷപ്പെടാന്‍ അധ്യാപകന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് ശേഷമാണ് അധ്യാപകന്റെ കാലിലേക്ക് വെടിവെക്കുന്നത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
‘ബിഹാറിലെ സര്‍ക്കാര്‍ ക്രിമിനലുകള്‍ വളരെ ചങ്കൂറ്റമുള്ളവരാണ്. ഇന്നലെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ നളന്ദയില്‍ ഉണ്ട്. അവിടെയാണ് ഒരു 19 വയസുകാരന്‍ പരസ്യമായി ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കയറി അധ്യാപകനെ വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
‘പ്രതിയുടെ വസ്ത്രത്തിന്റെ നിറവും കഴുത്തിലിട്ട ഷാളും കണ്ടാല്‍ പ്രധാനമന്ത്രി അതിനെ അദ്ദേഹത്തിന്റെ രാമരാജ്യം എന്ന് വിളിക്കും.
എന്തായാലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു, അതിനാല്‍ 25 വര്‍ഷം കഴിഞ്ഞാല്‍ പ്രധാനമന്ത്രി ഇതിനെ ചിലപ്പോള്‍ ജംഗിള്‍ രാജ് എന്ന് വിളിക്കുന്നത് നമുക്ക് കാണാം. മുഖ്യമന്ത്രിയ്ക്കും എന്‍.ഡി.എക്കും ഒരേ മനോഭാവമുള്ളിടത്തോളം കാലം സര്‍ക്കാര്‍ ക്രിമിനലുകള്‍ ഇവിടെ അരങ്ങുവാഴും. അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഇവരെ ഉപയോഗപ്പെടുത്തും. സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ ആയിരക്കണക്കിന് പൗരന്മാര്‍ക്ക് അവരുടെ ജീവന്‍ ബലി നല്‍കേണ്ടി വരും,’തേജസ്വി യാദവ് പറഞ്ഞു.
Content Highlight: PM Will Call It Ram Rajya After Seeing Colour Of Shooter’s Gamachha’: Tejashwi Yadav On Nalanda Shooting Incident