| Monday, 30th September 2019, 3:16 pm

തമിഴ്‌നാട്ടിലെത്തിയ മോദിയെ വരവേറ്റ് #GoBackModi; മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ട്രെന്‍ഡിങ്; പ്രതിഷേധത്തെ തോല്‍പ്പിക്കാന്‍ പകരം ഹാഷ്ടാഗുമായി ബി.ജെ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസ് സന്ദര്‍ശനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വന്‍തോതില്‍ ട്വിറ്ററില്‍ പ്രതിഷേധവും നടക്കുന്നുണ്ട്.

ട്വിറ്ററില്‍ ഇതിനായി #GoBackModi എന്ന ഹാഷ്ടാഗാണ് ഉപയോഗിക്കുന്നത്. ഇന്നു രാവിലെ മുതല്‍ മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയ ഹാഷ്ടാഗ് രാവിലെ 10 മണിയായപ്പോഴേക്കും ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്ടാഗുകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം കൈയ്യടക്കി. 21,000 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗ് വെച്ചുണ്ടായിരിക്കുന്നത്.

മദ്രാസ് ഐ.ഐ.ടിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി ചെന്നൈയിലെത്തിയത്.

മോദിവിരുദ്ധ ഹാഷ്ടാഗിനു വന്‍ സ്വീകാര്യത ലഭിച്ചതോടെ ബി.ജെ.പിക്കാര്‍ മറുപടി ഹാഷ്ടാഗുമായി രംഗത്തെത്തി. #TNWelcomesModi എന്നായിരുന്നു അവരുടെ ഹാഷ്ടാഗ്. ഇത് ട്രെന്‍ഡിങ് ഹാഷ്ടാഗുകളില്‍ ആദ്യ പത്തെണ്ണത്തില്‍ എത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

#GoBackModi ട്രെന്‍ഡിങ്ങാകുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയില്‍ മോദി ആന്ധ്രാപ്രദേശില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഭരണകക്ഷിയായ ടി.ഡി.പി ഇതുപയോഗിച്ചിരുന്നു. ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കാനുള്ള തീരുമാനം വേണ്ടെന്നു വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തുകൊണ്ടായിരുന്നു അത്.

യു.എസിലെ ഹൂസ്റ്റണില്‍ കഴിഞ്ഞ ദിവസം നടന്ന ‘ഹൗഡി മോദി’ പരിപാടിക്കെതിരെ പ്രതിഷേധിച്ചവരും ഇതേ ഹാഷ്ടാഗാണ് ഉപയോഗിച്ചത്.

എന്നാല്‍ മുന്‍പുതന്നെ ഈ ഹാഷ്ടാഗിന് തമിഴ്‌നാടുമായി അടുത്ത ബന്ധമുണ്ട്. 2018 ഏപ്രിലില്‍ മോദി തമിഴ്‌നാട് സന്ദര്‍ശിക്കവെ പ്രതിപക്ഷ പാര്‍ട്ടികളും തമിഴ് അനുകൂല സംഘടനകളും വ്യക്തികളും ഇതുപയോഗിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാവേരി പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ പോയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഹാഷ്ടാഗിനു പുറമേ പ്രകടനങ്ങള്‍ നടത്തിയും കറുത്ത ബലൂണ്‍ വായുവിലേക്കയച്ചും അവര്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ കാരണം മോദിയുടെ വരവ് ഹെലികോപ്ടറിലായി.

ഈവര്‍ഷം ജനുവരിയിലായിരുന്നു അടുത്തത്. മധുരയിലെ എയിംസ് കാമ്പസിന്റെ തറക്കല്ലിടല്‍ ചടങ്ങിലെത്തിയ മോദിക്കെതിരെ ശക്തമായ പ്രതിഷേധമാണു നടന്നത്.

ഗജ ചുഴലിക്കാറ്റില്‍ നഷ്ടപരിഹാരം സംബന്ധിച്ചുള്ള കേന്ദ്രനിലപാടിലും തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തിലെ വെടിവെപ്പിലും പ്രതിഷേധിച്ചായിരുന്നു ഇത്.

മോദി മാത്രമല്ല ആദ്യമായി ഹാഷ്ടാഗ് പ്രതിഷേധം നേരിടേണ്ടി വരുന്ന ബി.ജെ.പി നേതാവ്. 2018 ജൂലൈയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ സമാനമായ പ്രതിഷേധം നടന്നിരുന്നു. #GoBackAmitShah എന്നായിരുന്നു അന്നുപയോഗിച്ചത്.

We use cookies to give you the best possible experience. Learn more