| Wednesday, 20th March 2019, 10:51 pm

ബി.ജെ.പിയ്ക്ക് വേണ്ടി രാവും പകലും പണിയെടുത്ത പട്ടിക ജാതിക്കാരെ വഞ്ചിച്ചു; സീറ്റ് വിഭജനത്തിനെതിരെ ബി.ജെ.പി ഉപാധ്യക്ഷന്‍ പി.എം വേലായുധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ എന്‍.ഡി.എ സീറ്റ് വിഭജനത്തിനെതിരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം വേലായുധന്‍. ബി.ഡി.ജെ.എസിന് സംവരണ സീറ്റുകള്‍ ഉള്‍പ്പടെ നല്‍കിയത് പട്ടിക ജാതി സമൂഹത്തോട് കാണിച്ച തികഞ്ഞ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് സീറ്റുകളിലാണ് സംവരണമുള്ളത്. ബി.ജെ.പിക്ക് വേണ്ടി രാവും പകലുമില്ലാതെ പണിയെടുത്ത കുറേ പട്ടികജാതിക്കാരുണ്ട്. അവരെ ആരെയും പരിഗണിക്കാതെ രണ്ട് സംവരണ സീറ്റും ബി.ഡി.ജെ.എസിന് നല്‍കിയ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. കൊടുംവഞ്ചനയാണ് പ്രവര്‍ത്തകരോട് ചെയ്തത്. പി.എം വേലായുധന്‍ പറഞ്ഞു.

സ്വന്തം സീറ്റ് ഉറപ്പിക്കാനാണ് നേതാക്കള്‍ നോക്കിയത്. പാര്‍ട്ടിക്ക് വേണ്ടി വിറക് വെട്ടിയവരേയും വെള്ളം കോരിയവരേയും ബി.ജെ.പി തഴഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പ്രഖ്യാപിച്ചത് പ്രകാരം എന്‍.ഡി.എയില്‍ 14 സീറ്റില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗവുമാണ് മത്സരിക്കുന്നത്.

കാസര്‍കോട് ,കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ബി.ഡി.ജെ.എസിന് വയനാട് , ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളാണ് നല്‍കിയത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്(പി.സി തോമസ്) വിഭാഗത്തിനാണ്.

We use cookies to give you the best possible experience. Learn more