| Wednesday, 18th January 2017, 10:49 am

യു.പി തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി കോണ്‍ഗ്രസില്‍ ചേരും: മനീഷ് സിസോദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  യു.പി തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസില്‍ ചേരുമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

യു.പി തെരഞ്ഞെടുപ്പിന് മുമ്പായി ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് മോദി കോണ്‍ഗ്രസില്‍ ചേരുമെന്ന പരിഹാസവുമായി സിസോദിയ എത്തിയത്.

മോദി യു.പി തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് തനിക്ക് കിട്ടിയ റിപ്പോര്‍ട്ടെന്നും മോദി രാഹുലുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സിസോദിയ ട്വീറ്റില്‍ പരിഹസിക്കുന്നു.


കുമാര്‍ വിശ്വാസ് ആം ആദ്മി വിട്ട് ബി.ജെ.പിയില്‍ ചേരും എന്നും ബി.ജെ.പി നേതാവ് അമിത് ഷായുമായി കുമാര്‍ വിശ്വാസ് കൂടിക്കാഴ്ച നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നും പരിഹാസ പ്രസ്താവനയുമായി ആം ആദ്മി നേതാവ് കൂടിയായ സിസോദിയ രംഗത്തെത്തിയത്.

കുമാര്‍ വിശ്വാസ് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത  ടൈംസ് ഓഫ് ഇന്ത്യയായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി നേതാക്കളുമായി കുമാര്‍ വിശ്വാസ്  ചര്‍ച്ച നടത്തിയെന്നും രണ്ട് ദിവസത്തിനുള്ളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വാര്‍ത്തയോട് കുമാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും താന്‍ കോണ്‍ഗ്രസിലും എ.ഐ.ഡി.എം.കെയിലും ബി.ജെ.ഡിയിലും ജെ.എം.എമ്മിലും എ.ജി.പിയിലും തുടങ്ങി നിരവധി പാര്‍ട്ടികളില്‍ ചേരുമെന്ന് പരിഹസിച്ച് ട്വീറ്റിട്ടിരുന്നു.

We use cookies to give you the best possible experience. Learn more