കരിങ്കൊടിയേയും പ്രതിഷേധത്തേയും ഭയം; ചെന്നൈയില്‍ റോഡിലിറങ്ങാതെ മോദി; താങ്കള്‍ ഭീരുവാണോയെന്ന് വൈക്കോ
cauvery issue
കരിങ്കൊടിയേയും പ്രതിഷേധത്തേയും ഭയം; ചെന്നൈയില്‍ റോഡിലിറങ്ങാതെ മോദി; താങ്കള്‍ ഭീരുവാണോയെന്ന് വൈക്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th April 2018, 1:02 pm

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ റോഡ് യാത്ര ഒഴിവാക്കിയും ജനങ്ങളെ മുഖാമുഖം അഭിസംബോധന ചെയ്യുന്നതും ഒഴിവാക്കി മോദി.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ കരിങ്കൊടികളുയര്‍ത്തിയാണ് തമിഴ് ജനത സ്വീകരിക്കുന്നത്. മോദിയ്‌ക്കെതിരെ പല രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധമാണ് ചെന്നൈയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോദി റോഡ് യാത്രകളും മുഖാമുഖവും ഒഴിവാക്കിയത്.

ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഓള്‍ഡ് മഹാബലിപുരം റോഡിലുള്ള ഡിഫന്‍സ് എക്‌സ്‌പോയിലേക്ക് മോദി ഹെലികോപ്റ്ററിലെത്തും. അതിനുശേഷം അദ്ദേഹം അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു വ്യോമമാര്‍ഗം പോകും. മോദിക്ക് പറന്നെത്താനുള്ള സൗകര്യത്തിനായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചില്‍ഡ്രന്‍സ് പാര്‍ക്കിനുമിടയിലുള്ള മതില്‍ പൊളിച്ചിട്ടുണ്ട്. ഐ.ഐ.ടി മദ്രാസ് ക്യാമ്പസില്‍ അധികൃതര്‍ ഒരു ഹെലിപാട് ഒരുക്കുകയും ചെയ്തിട്ടുണ്ട്.


Must Read: ‘മുസ്‌ലിങ്ങള്‍ കുറ്റവാളികളാണ്, എന്റെ വീട്ടില്‍ അവരെ കയറ്റില്ല; അവരുടെ വോട്ടും എനിക്ക് വേണ്ട’: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ


റോഡിലിറങ്ങേണ്ടെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ രംഗത്തെത്തിയിട്ടുണ്ട്. ” നിങ്ങള്‍ക്കെന്താ ധൈര്യമില്ലേ മോദീ? എന്തുകൊണ്ട് റോഡിലൂടെ സഞ്ചിരിക്കുന്നില്ല? ഹെലികോപ്റ്ററില്‍ നിങ്ങള്‍ നേരിട്ട് ഐ.ഐ.ടിയിലെത്തും. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് താങ്കള്‍ക്ക് കടക്കാന്‍ ഒരു മതില്‍ പൊളിച്ചിരിക്കുന്നു. ഇത്രയും ഭീരുവായ ഒരു പ്രധാനമന്ത്രി ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളൊരു ഭീരുവാണ്. കരിങ്കൊടികൊണ്ടെന്താ ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ? നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ?” വൈക്കോ ചോദിക്കുന്നു.

പ്രധാനമന്ത്രിയ്‌ക്കെതിരെ കരിങ്കൊടിയുയര്‍ത്തുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. മോദിയുടെ സന്ദര്‍ശന ദിനം ദു:ഖദിനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡി.എം.കെ നേതാവ് കരുണാനിധിയുടെയും സ്റ്റാലിന്റെയും വീട്ടില്‍ ഇതിനകം തന്നെ കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്.


Also Read: മോദി- അമിത് കാമ്പെയ്ന്‍ ഞങ്ങള്‍ ഭയപ്പെടുത്തുന്നില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ജയിച്ചേ തീരൂ: സിദ്ധരാമയ്യ സംസാരിക്കുന്നു