| Thursday, 15th July 2021, 3:19 pm

പി.എം.താജ് അനുസ്മരണം: അന്തര്‍ദേശീയ ശില്‍പ്പശാലയും രംഗാവതരണ പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജൂലൈ 23 മുതല്‍ 29 വരെ പി.എം. താജ് അനുസ്മരണം നടത്തുമെന്ന് അനുസ്മരണ സമിതി അറിയിച്ചു. താജ് അനുസ്മരണത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമാന്തര രംഗവേദിയുടെയും പ്രാദേശിക രംഗവേദിയുടെയും പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സമിതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശികഭാഷാ രംഗവേദിയിലെ പ്രവര്‍ത്തകരുടെ പ്രഭാഷണം, യുവ രംഗാവതരണ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള അന്തര്‍ദേശീയ അവതരണ ശില്‍പ്പശാല, താജിന്റെ നാടകങ്ങളുടെ ആവിഷ്‌കാരം, നാടക വായന, നാടക സന്ദര്‍ഭങ്ങളെ അവലംബിച്ചുള്ള ചിത്രകാരന്മാരുടെ ദൃശ്യാവിഷ്‌കാരം, നാടക പ്രവര്‍ത്തകരുടെ കൂടിയിരിക്കല്‍ എന്നിങ്ങനെയുള്ള പരിപാടികള്‍ ഈ വര്‍ഷത്തെ താജ് അനുസ്മരണത്തിലുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

31 വര്‍ഷമായി കോഴിക്കോട് നടക്കുന്ന സാംസ്‌ക്കാരിക സാഹിത്യ മേഖലകളില്‍ ഇടപെട്ടുവരുന്ന കൂട്ടായ്മയാണ് പി.എം. താജ് അനുസ്മരണ സമിതി. ജി. ശങ്കരപിള്ളയ്ക്കുശേഷമുള്ള തലമുറയിലെ പ്രമുഖനായ നാടകകൃത്തും സംവിധായകനുമാണ് പി.എം. താജ് എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയറ മാളിയേക്കല്‍ താജ്.

2021 ജൂലൈ 23 മുതല്‍ 29 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ അവതരണ ശില്‍പ്പശാലയും, വൈകിട്ട് 7 മണിക്ക് പ്രഭാഷണങ്ങളും നടക്കും. തെരഞ്ഞെടുത്ത 25 യുവ നാടക പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ രംഗാവതരണ ശില്‍പ്പശാലക്ക് അന്തര്‍ദേശീയ രംഗാവതരണ പ്രവര്‍ത്തകരും അക്കാദമിക്കുകളുമായ ശങ്കര്‍ വെങ്കിടേശ്വരന്‍, ഡോ. അമീത് പരമേശ്വരന്‍, ഡോ. ലക്ക്‌സനായി സോങ്ചെങ്ച്ചയ്, ജിജോ കെ. മാത്യു, അലിയാര്‍ അലി, അതുല്‍ വിജയകുമാര്‍, മനീഷ് പച്ചിയാരു എന്നിവര്‍ നേതൃത്വം നല്‍കും.

ഓണ്‍ലൈന്‍ പ്രഭാഷണപരമ്പരയില്‍ പ്രളയന്‍, വിഷ്ണുപദ് ബര്‍വെ, ജോണ്‍ ബഷീര്‍, പ്രൊഫ. അന്‍ഷുമാന്‍ ബൗമിക്ക, അനുപം കൗശിക് ബോറ, ലാപ്തിയങ് സെയിം, ഓംചേരി എന്‍.എന്‍. പിള്ള, പി രാജഗോപാലന്‍, സതീഷ് കെ. എന്നിവര്‍ സംസാരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  PM Taj Remembrance

Latest Stories

We use cookies to give you the best possible experience. Learn more