തിരുവനന്തപുരം: കോണ്‍ഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നാണ് സുരേഷ് ബാബു പറഞ്ഞത്.
‘കോണ്‍ഗ്രസ് വിടുന്നു എന്നത് സത്യമാണ്. കോണ്‍ഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല എന്ന നിലപാടാണ്. അത് കോണ്‍ഗ്രസിന്റെ ഒരുവശം മാത്രമാണ്. പക്ഷെ കോണ്‍ഗ്രസിനെക്കൊണ്ട് രാഷ്ട്രം ആഗ്രഹിക്കുന്ന നയങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും വന്നിരിക്കുന്നു.
രാജ്യം മതവിഭാഗീയതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിന് ശക്തമായി ചെറുക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ പോലും നേതൃത്വത്തിന് ആളില്ല. ഈ തിരിച്ചറിവുകളും പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോകാന്‍ തീരുമാനിക്കുമ്പോള്‍ അവരെ വിളിച്ച് ഒരു യാത്രയയപ്പ് കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. അല്ലാതെ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നേയില്ല. അത്തരം സമീപനം നിലനില്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. ഇന്ന് ഞാന്‍ നാളെ നീ എന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
പി. സി ചാക്കോ കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് നേതാക്കള്‍ വിളിച്ചാല്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചാണ് രാജി. ലതിക സുഭാഷിനോടുള്ള പാര്‍ട്ടിയുടെ സമീപനം തന്നെ വേദനിപ്പിച്ചെന്ന് റോസക്കുട്ടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PM Suresh babu is also quit from party