| Tuesday, 30th March 2021, 8:46 am

'സാക്ഷാല്‍ പുതുപ്പള്ളി തരാമെന്ന് പറഞ്ഞാലും ഇത്തവണ മത്സരിക്കില്ലായിരുന്നു'; കോണ്‍ഗ്രസ് വിടാനുള്ള കാരണം വ്യക്തമാക്കി പി.എം സുരേഷ് ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടത് സീറ്റ് കിട്ടാത്തതുകൊണ്ടല്ലെന്ന് മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന പി. എം സുരേഷ് ബാബു. താന്‍ പാര്‍ട്ടി വിട്ടത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്നും സുരേഷ് ബാബു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

പുതുപ്പള്ളി തരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്തവണ മത്സരിക്കില്ലായിരുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമാവാന്‍ പോലും പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയതിനാലാണ് കോണ്‍ഗ്രസ് വിട്ടതെന്നും സുരേഷ് ബാബു വ്യക്തമാക്കുന്നു.

രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസം കേരളത്തിലും ശക്തി പ്രാപിച്ചുവരുന്ന സന്ദര്‍ഭത്തിലാണ് ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ആയുഷ് കാലം മുഴുവനും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വച്ച വ്യക്തിയായ ഞാന്‍ എന്ത് കൊണ്ട് ഈ അവസാന കാലത്ത് മാറി ചിന്തിച്ചു എന്നുള്ള ചോദ്യം എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്കുണ്ട് എന്ന് എനിക്ക് അറിയാം.
അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

എനിക്ക് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് ഞാന്‍ പാര്‍ട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവര്‍ മിനിമം എന്റെ ആരോഗ്യസ്ഥിതി എന്താണ് എന്ന് ഒന്ന് അന്വേഷിക്കണം. സാക്ഷാല്‍ പുതുപ്പള്ളി കിട്ടിയാലും മത്സരിക്കാന്‍ ഇന്ന് എന്റെ ആരോഗ്യം അനുവദിക്കില്ല. അത് കൊണ്ട് തന്നെ ഞാന്‍ ആരോടും ഇപ്രാവശ്യം സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല എന്നതാണ് സത്യം.

പിന്നെ എന്ത് കൊണ്ട് പാര്‍ട്ടി വിട്ടു എന്ന് കരുതുന്നവരോട്, രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഏറ്റവും അപകടകരമായ അവസ്ഥയില്‍ കൂടി കടന്നു പോകുന്ന അവസ്ഥയില്‍ പോലും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥിരം പ്രസിഡന്റനെ തിരഞ്ഞെടുക്കാന്‍ പോലും പറ്റാത്ത വിധം തകര്‍ന്ന ദേശീയ നേതൃത്വത്തില്‍ വിശ്വസിച്ചു ഇനിയും സമയം കളയണോ എന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി.

കേരളത്തിലാണെങ്കിലും അഖിലേന്ത്യ തലത്തിലാണെങ്കിലും നേതൃത്വത്തിന്റെ തെറ്റുകള്‍ ചൂണ്ടി കാണിച്ചാല്‍ അവരെ പാര്‍ട്ടി വിരുദ്ധരാക്കുന്ന ഒരു ഉപചാപക സംഘത്തിന്റെ പിടിയിലാണ് ഇന്ന് പാര്‍ട്ടി നേതൃത്വം.

പലപ്പോഴും പാര്‍ട്ടിയുടെ തെറ്റുകള്‍ പാര്‍ട്ടി വേദികളിലും ദേശീയ നേതൃത്വത്തിന്റെ മുന്നിലും പറഞ്ഞപ്പോള്‍ വിമതനായി മുദ്ര കുത്തി അപമാനിക്കാന്‍ ആയിരുന്നു ഉപചാപക സംഘത്തിന് താല്പര്യം.

പാര്‍ട്ടിയെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കുക എന്നതില്‍ കവിഞ്ഞു മറ്റൊരു ചിന്തകളും ഇല്ലാത്ത നേതൃത്വത്തോട് യാതൊരു വിധത്തിലും ഒത്തു പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായത് കൊണ്ടാണ് എനിക്ക് രാജി വെക്കേണ്ടി വന്നത്. രാജ്യത്തു വളര്‍ന്നു വരുന്ന ഫാസിസം കേരളത്തിലും ശക്തി പ്രാപിച്ചു വരുന്ന സന്ദര്‍ഭത്തില്‍ ഇന്ന് ഇടത് പക്ഷത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നതാണ് ഓരോ മലയാളിയുടെയും ധര്‍മം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഞാന്‍ ഇടത് പക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ എന്റെ തീരുമാനം ശരിവക്കും എന്ന് കരുതുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Suresh Babu explains why he left congress party

We use cookies to give you the best possible experience. Learn more