ന്യൂദല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ അന്താരാഷ്ട്ര വേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെപിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ അതിര്‍ത്തികള്‍ക്കുള്ളില്‍ തന്നെ ഒതുങ്ങണം. എന്നാല്‍ ബി.ജെ.പിയും മോദിയുമാണ് ഇതാദ്യം ലംഘിച്ചത് എന്നത് വസ്തുതയാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നല്ലതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഒരു അന്താരാഷ്ട്ര വേദിയില്‍ പ്രധാനമന്ത്രിയാണ് പറഞ്ഞത്,’ രജത് ശര്‍മയുടെ ‘ ആപ്കി അദാലത്ത്’ എന്ന പരിപാടിയില്‍ സംസാരിക്കവെ ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ പത്ര സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ നാഷണല്‍ പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് പത്രസ്വാതന്ത്ര്യം നിര്‍ണായകമാണെന്നും എപ്പോഴും ഒരാള്‍ വിമര്‍ശനത്തിന് തയ്യാറായിരിക്കണമെന്നും രാഹുല്‍ പറഞ്ഞു. ദേശീയ വ്യവഹാരത്തെ പ്രാപ്തമാക്കുന്ന സ്ഥാപനചട്ടക്കൂടിന് മേല്‍ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ധ്രുവീകരിക്കുന്ന കാഴ്ചപ്പാടിനെയാണ് ഭരണത്തിലുള്ള ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം മോദിക്കെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ഇന്ത്യയിലെ ചില ആളുകളില്‍ എല്ലാം അറിയാമെന്ന ധാരണയുടെ രോഗമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രതിപക്ഷ ഐക്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ രാഹുല്‍ പറഞ്ഞു.
Contenthighlight: PM started the trend of discussing country’s internal affairs in abroad: Tharoor