പ്രധാനമന്ത്രിക്കെതിരെ ഉടുപ്പൂരി പ്രതിഷേധം
India
പ്രധാനമന്ത്രിക്കെതിരെ ഉടുപ്പൂരി പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd September 2012, 12:35 pm

ന്യൂദല്‍ഹി: സാമ്പത്തിക പരിഷ്‌കരണത്തെ കുറിച്ച് ഇന്ത്യന്‍ ബാര്‍ അസോസിയേഷനും ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിനിടെ പ്രധാനമന്ത്രിക്കെതിരെ ഉടുപ്പൂരി പ്രതിഷേധം. പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങുമ്പോഴേക്കും സദസ്സിലുണ്ടായിരുന്ന ഒരാള്‍ മേശപ്പുറത്ത് കയറി ഉടുപ്പ് ഊരി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.[]

പ്രധാനമന്ത്രി പിന്‍വാങ്ങുക, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

ബീഹാര്‍ സ്വദേശിയായ അഭിഭാഷകന്‍ സന്തോഷ് കുമാറാണ് പ്രധാനമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. പാട്യാല ഹൗസ് കോടതിയിലെ അഭിഭാഷകനാണ് സന്തോഷ് കുമാര്‍.

സാമ്പത്തിക പരിഷ്‌കരണങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഒരാള്‍ മേശപ്പുറത്ത് കയറി ഉടുപ്പൂരിയത്. ആദ്യത്തെ കുറച്ച് മിനുറ്റ് എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നീക്കം ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തിയ പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ നീക്കം ചെയ്തതിന് ശേഷം വീണ്ടും പ്രസംഗം തുടര്‍ന്നു.

പ്രതിഷേധം അപലപനീയമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.