| Wednesday, 17th June 2020, 5:35 pm

നമ്മുടെ 20 സൈനികരെ എങ്ങനെ നഷ്ടമായി, എങ്ങനെയാണ് ചൈന നമ്മുടെ ഭൂപ്രദേശം കയ്യടക്കിയത്?; മോദിയ്‌ക്കെതിരെ സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

‘എങ്ങനെയാണ് ചൈന നമ്മുടെ ഭൂപ്രദേശം കയ്യടക്കിയത്? എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്? അവിടത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? ഈ സംഭവത്തെ ചൊല്ലി ഇന്ന് രാജ്യത്തുള്ള രോഷം മനസ്സിലാക്കി പ്രധാനമന്ത്രി മുന്നോട്ടു വരണം. രാജ്യത്തോട് സത്യം പറയണം’ സോണിയ പറഞ്ഞു.

എത്ര സൈനികര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും എത്ര പേരെ കാണാതായിട്ടുണ്ടെന്നും മോദി രാജ്യത്തോട് പറയണമെന്നും സോണിയ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും എന്നാല്‍ വസ്തുത മറച്ചുവെക്കുന്നതെന്തിനാണെന്നും സോണിയ ചോദിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും സോണിയ പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അറിയണമെന്നും നമ്മുടെ സൈനികരെ വധിക്കാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.

സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

അതേസമയം സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more