Advertisement
national news
പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റിലാണ് സംസാരിക്കേണ്ടത്: ഫറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 24, 02:39 am
Monday, 24th July 2023, 8:09 am

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള. മണിപ്പൂരിനെക്കുറിച്ച് പ്രതിപക്ഷത്തിന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ലോകം മുഴുവന്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി പ്രശ്‌നങ്ങളെ കുറിച്ച് ശക്തമായ ഭാഷയില്‍ തന്നെ സംസാരിച്ചു. എന്നാല്‍ അത് പാര്‍ലമെന്റില്‍ സംസാരിക്കണം. സംസാരിച്ചതിന് ശേഷം അദ്ദേഹം പ്രതിപക്ഷത്തിന് പറയാനുള്ളതും കേള്‍ക്കണം. പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

വിമര്‍ശനം അല്ല ഞങ്ങളുടെ ലക്ഷ്യം, ആശങ്കകള്‍ പ്രകടിപ്പിക്കലാണ്,’ അബ്ദുള്ള പറഞ്ഞു.

മണിപ്പൂര്‍ ഒരു ട്രാജഡിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ചിലയാളുകള്‍ അധികാരം ഉപയോഗിച്ച് വെറുപ്പ് പടര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജനങ്ങളെ ഭിന്നിപ്പിക്കുന്ന അത്തരം ശക്തികളെ ഞാന്‍ പുച്ഛിക്കുന്നു. ദൈവം ഒന്നാണെങ്കിലും അവന്‍ എല്ലാവരുടേതുമാണ്. ഏത് രൂപത്തിലാണ് നിങ്ങള്‍ അവനെ കാണാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ക്ഷേത്രത്തിലാണോ, പള്ളിയിലാണോ അവനെ കാണാന്‍ ആഗ്രഹം. അവന്‍ ഏകനാണ്. എന്നിട്ടും അവന്റെ പേരില്‍ നമ്മള്‍ ഭിന്നിക്കപ്പെടുന്നു. ഇത് ഖേദകരമാണ്,’ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ കലാപം തുടങ്ങിയതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നരേന്ദ്ര മോദി ആദ്യമായി കലാപത്തെക്കുറിച്ച് പ്രതികരിച്ചത്. മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവം എല്ലാ ഇന്ത്യക്കാര്‍ക്കും നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.

‘മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചതിന് ഒരിക്കലും മാപ്പ് നല്‍കാനാകില്ല. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി. കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല.

രാജസ്ഥാനോ ഛണ്ഡിഗഡോ മണിപ്പൂരോ ആകട്ടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണം’, എന്നാണ് മോദി പറഞ്ഞത്.

എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മോദി തയ്യാറായില്ല.

അതേസമയം മണിപ്പൂരിനെ കുറിച്ച് രാജ്യസഭയില്‍ സംസാരിച്ച തന്റെ പ്രസംഗത്തിന്റെ ഭാഗം നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനും രംഗത്തെത്തിയിരുന്നു. തന്റെ പ്രസംഗം റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രാജ്യസഭാ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.

‘2023 ജൂലൈ 20ന് പോയിന്റ് ഓഫ് ഓര്‍ഡറില്‍ ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രിസൈഡിങ് ഓഫീസറുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തി നീക്കം ചെയ്തു.

രാജ്യസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നിന്റെ നേതാവെന്ന നിലയില്‍ മണിപ്പൂരിലെ ഭയാനകവും ദുരിതപൂര്‍ണമായ ക്രമസമാധാനനിലയെയും മുന്‍നിര്‍ത്തി പ്രധാനമന്ത്രിയെയും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെയും ചോദ്യം ചെയ്തിരുന്നു.

ഞാന്‍ ജനാധിപത്യത്തിന്റെ സത്തയെക്കുറിച്ചാണ് ചോദിച്ചത്. അസഭ്യമായതൊന്നും പറഞ്ഞിട്ടില്ല. പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്,’ എന്നാണ് ഒബ്രിയാന്‍ കത്തില്‍ പറയുന്നത്.

content highlights: PM should talk about Manipur in Parliament: Farooq Abdullah