ന്യൂദല്‍ഹി: അരുണാചല്‍പ്രദേശും അക്‌സായ് ചിന്‍ മേഖലയും ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് കള്ളമാണെന്ന് താന്‍ വര്‍ഷങ്ങളായി പറയുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് കള്ളമാണെന്ന് ഞാന്‍ വര്‍ഷങ്ങളായി പറയുന്നുണ്ട്. ചൈന അതിക്രമിച്ചുകയറിയെന്ന് ലഡാക്കിലെ എല്ലാവര്‍ക്കും അറിയാം. ചൈന ഭൂപടം പുറത്തിറക്കിയിരിക്കുന്നത് വളരെ ഗൗരവമുള്ള പ്രശ്‌നമാണ്. അവര്‍ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെ കുറിച്ച് സംസാരിക്കണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ചൈനക്കെതിരെ കര്‍ശനമായ നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തി. ടിബറ്റിലുള്ളവര്‍ക്ക് സ്റ്റേപിള്‍ഡ് വിസ നല്‍കണം. തായ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി ഒരു കാരണവശാലും അംഗീകരിക്കരുത്. ചൈനയുടെ ഈ നയത്തിന് പിന്തുണ നല്‍കരുതെന്നും ശശി തരൂര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇന്ത്യയിലെ അരുണാചല്‍പ്രദേശും അക്‌സായ് ചിന്‍ മേഖലയും ഉള്‍പ്പെടുത്തി കൊണ്ട് ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയത്. ഭൂപടത്തില്‍ തായ്‌വാനെയും ദക്ഷിണ ചൈന കടലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ചൈനയുടെ ഔദ്യോഗിക ഭൂപടത്തിന്റെ 2023ലെ പതിപ്പ് തിങ്കളാഴ്ച പുറത്തിറങ്ങി. ചൈനയുടെ പ്രകൃതി മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്,’ ഗ്ലോബര്‍ ടൈംസ് ട്വീറ്റ് ചെയ്തു.
അതേസമയം, ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ നയതന്ത്രചാനല്‍ വഴി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബാക്ചി പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം അവകാശ വാദങ്ങളെ തള്ളുന്നതായും ചൈനയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികള്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിക്കുന്ന ശീലം ചൈനക്കുണ്ടെന്ന് പറഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനയുടെ അവകാശവാദത്തെ തള്ളി രംഗത്തെത്തി. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ ചൈനയുടേതായി മാറില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കിയിട്ടുണ്ട്. ഇത് അവരുടെ ഒരു പഴയ ശീലമാണ്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടങ്ങള്‍ പുറത്തിറക്കാന്‍ മാത്രമാണ് പറ്റുക, ഇതിലൊന്നും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ ഭൂപ്രദേശങ്ങള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ട്. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് മറ്റുള്ള രാജ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ നിങ്ങളുടേതായി മാറില്ല,’ എസ്. ജയ്ശങ്കര്‍ പറഞ്ഞു.
ഈ ഏപ്രിലില്‍ ചൈന അരുണാചല്‍പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളികൊണ്ട് ഇന്ത്യ രംഗത്തെത്തിയിരുന്നു. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടമാണെന്നും പേര് നല്‍കുന്നത് കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിന് കീഴിലാണ് അരുണാചല്‍ പ്രദേശെന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും ഇന്ത്യ സംഭവത്തോട് പ്രതികരിച്ചിരുന്നു.
Content Highlights: PM should say something about china’s new map