അമൃത്‌സര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടയില്‍ പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിയോജിപ്പിന്റെ സ്വരങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പഞ്ചാബില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധി പാര്‍ട്ടിയെ രൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ബി.ജെ.പി നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് ഭട്ടിന്‍ഡയിലെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രക്ഷോഭം ഇത്രയും കാലം നീണ്ടു പോകാന്‍ അനുവദിക്കരുതായിരുന്നെന്നും പ്രധാനമന്ത്രി വിചാരിച്ചിരുന്നെങ്കില്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാമായിരുന്നെന്നും ബി.ജെ.പിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ലക്ഷ്മി കാന്ത ചൗള പറഞ്ഞു.
‘ഒരു ബി.ജെ.പി നേതാവ് എന്ന നിലയ്ക്കല്ല, മനുഷ്യന്‍ എന്ന നിലയ്ക്കാണ് സംസാരിക്കുന്നത്. ഒരു പ്രതിഷേധവും ഇത്രയും കാലം നീണ്ടു പോകാന്‍ പാടുള്ളതല്ല. എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തേണ്ടതായിരുന്നു.
കൊടും തണുപ്പില്‍ കര്‍ഷകര്‍ മരിച്ച് വീഴുന്നു. ആത്മഹത്യ ചെയ്തും നിരവധികര്‍ഷകരാണ് മരിച്ച് വീഴുന്നത്.
കാര്‍ഷിക മന്ത്രിക്ക് പ്രശ്‌നത്തില്‍ പരിഹാരം കാണാനാവുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ മോദിക്ക് തന്നെ കത്തയച്ചിരുന്നു,’ ലക്ഷ്മി കാന്ത ചൗള പറഞ്ഞു.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് 27 വര്‍ഷം എന്‍.ഡി.എയ്‌ക്കൊപ്പമുണ്ടായിരുന്ന അകാലിദള്‍ സഖ്യം വിട്ടിട്ടും പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് മാല്‍വയില്‍ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.
സംസ്ഥാന ബി.ജെ.പി ഘടകം കര്‍ഷക പ്രക്ഷോഭത്തെ ഗൗരവത്തില്‍ കാണുന്നില്ലെന്ന് മുന്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ മഞ്ജീര്‍ സിംഗ് കാങ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവെങ്കിലും കാര്യമൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് രാജി വെച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയ്ക്ക് പതിനഞ്ചോളം പേരാണ് ബി.ജെ.പി വിട്ട് അകാലിദളില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുമായി കേന്ദ്രം നടത്തിയ 11ാം വട്ട ചര്‍ച്ചയും പൂര്‍ണ പരാജയമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക