| Friday, 7th January 2022, 2:08 pm

പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു, നിര്‍ബന്ധിച്ച് മോദി സിന്ദാബാദ് വിളിപ്പിച്ച് ബി.ജെ.പിക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബ് ഉപമുഖ്യമന്ത്രി ഒ.പി. സോണിയുടെ കാര്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. ഉപമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് മോദി സിന്ദാബാദ് എന്ന് വിളിപ്പിക്കുകയും ചെയ്തു.

ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ബി.ജെ.പിക്കാരാണ് ഉപമുഖ്യമന്ത്രിയെ തടഞ്ഞത്. കാറില്‍ നിന്ന് പുറത്തിറങ്ങി മോദി സിന്ദാബാദ് എന്ന് വിളിക്കുന്നതു വരെ അദ്ദേഹത്തിന്റെ വാഹനം കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

പഞ്ചാബിലെ മാധ്യമപ്രവര്‍ത്തകനായ ഗഗന്‍ദീപ് സിംഗ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, കനത്ത മഴയ്ക്കിടയിലും ഉപമുഖ്യമന്ത്രിയുടെ കാറിന് ചുറ്റും ബി.ജെ.പിക്കാര്‍ തടിച്ചുകൂടി നില്‍ക്കുന്നതും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന ഇവരെ പൊലീസുകാര്‍ തടയാന്‍ ശ്രമിക്കുന്നതും കാണാം. ഒടുവിലായി കാറില്‍ നിന്നും പുറത്തേക്കിറങ്ങി മോദി സിന്ദാബാദ് എന്ന് ഉപമുഖ്യമന്ത്രി വിളിക്കുന്നതും കാണാം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞതിന് മറുപടിയായിട്ടാണ് ഉപമുഖ്യമന്ത്രിയെ ബി.ജെ.പി സംഘം വഴിയില്‍ തടഞ്ഞത്.

വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ വാഹനവ്യൂഹവും ഒരു കൂട്ടം ആളുകള്‍ തടഞ്ഞിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായാണ് മുഖ്യമന്ത്രി പ്രതിഷേധക്കാരോട് പെരുമാറിയത്. വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി
കാറില്‍ നിന്ന് ഇറങ്ങി സമരക്കാരുടെ അടുത്തേക്ക് പോവുകയും എന്താണ് നിങ്ങളുടെ ആവശ്യമെന്ന് അവരോട് ചോദിക്കുകയുമായിരുന്നു.

നിങ്ങളുമായി നാളെ ഒരു കൂടിക്കാഴ്ച തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നാളെ തന്നെ കേള്‍ക്കാന്‍ തയ്യാറാണെന്ന് ഇതിനകം തന്നെ താന്‍ സമ്മതിച്ചിട്ടുണ്ടെന്നും പിന്നെ എന്തിന് വേണ്ടിയാണ് നിങ്ങള്‍ എന്റെ വാഹനം തടയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ലെന്ന് ഇവര്‍ വീണ്ടും പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യോഗത്തില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുമെന്നും അത് നിറവേറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.

ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പ്രകടനം നടത്തുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും വകുപ്പിലെ ജീവനക്കാരായിരിക്കണം പ്രതിഷേധിച്ചതെന്നും പറയുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more