പാറ്റ്‌ന: ഒരാഴ്ച ബീഹാറില്‍ കൊണ്ട് 8.5 ലക്ഷം ടോയ്‌ലെറ്റ് നിര്‍മ്മിച്ചെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശ വാദത്തെ കണക്ക് പറഞ്ഞ് പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. മോദിയുടെ അവകാശവാദ പ്രകാരം ഒരു മിനിറ്റില്‍ 84 ടോയിലെറ്റുകള്‍ ഉണ്ടാക്കേണ്ടി വരുമെന്നാണ് തേജസ്വി കണക്കുകൂട്ടിയത്. മോദിയുടെ തള്ള് ബീഹാര്‍ മുഖ്യമന്ത്രി പോലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ ഒരാഴ്ച കൊണ്ട് ബീഹാറില്‍ 8.5 ലക്ഷം കക്കൂസുകളാണ് പണിതത്. അതൊരു എളുപ്പമുള്ള ജോലിയായിരുന്നില്ല. ബീഹാര്‍ ഉടന്‍ തന്നെ ദേശീയ നിലവാരത്തില്‍ എത്തുമെന്നതിന്റെ സൂചനയാണിത്.” എന്നാണ് പ്രധാനമന്ത്രി ബീഹാറില്‍ പറഞ്ഞത്. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മോദിയുടെ പ്രസ്താവനയെത്തുടര്‍ന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് കണക്കുകളുമായി ട്വിറ്ററിലെത്തി. 8.5 ലക്ഷം കക്കൂസുകള്‍ ഒരാഴ്ച കൊണ്ട് പണിയണമെങ്കില്‍ ഒരു മിനിറ്റല്‍ 84 കക്കൂസ് പണിയണമെന്നാണ് തേജസ്വിനിയുടെ വിശദീകരണം.
” പ്രധാനമന്ത്രി പറഞ്ഞത് 8.50 ലക്ഷം കക്കൂസുകള്‍ ഒരാഴ്ച കൊണ്ട് ഉണ്ടാക്കിയെന്നാണ്.
1 ആഴ്ച = 7 ദിവസം
1 ദിവസം = 24 മണിക്കൂര്‍
7 ദിവസം = 168 മണിക്കൂര്‍
1 മണിക്കൂര്‍ = 60 മിനിറ്റ്
അപ്പോള്‍
850000 % 168 = മണിക്കൂറില്‍ 5059 കക്കൂസുകള്‍.
5059/60 = മിനിറ്റില്‍ 84.31 കക്കൂസുകള്‍
ഇത്രയും വലിയ തള്ളോ മോദി സാഹിബ്, ബീഹാറിലെ മുഖ്യമന്ത്രി പോലും നിങ്ങള്‍ പറഞ്ഞത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല” – എന്നാണ് തേജസ്വി ട്വീറ്റ് ചെയ്തത്.
മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ചയ് നിരുപമയും മോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ” ഒരോ സെക്കന്റിലും 1.4 കക്കൂസ്? മനുഷ്യര്‍ക്ക് ഇത്രയും വേഗത്തില്‍ കക്കൂസുകള്‍ നിര്‍മ്മിക്കാനാവില്ല, പക്ഷേ മോദിക്ക് ഇത്തരം വ്യാജ അവകാശങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാവും” – എന്നാണ് സഞ്ചയ് ട്വീറ്റ് ചെയ്തത്.