അകമ്പടി സേവിക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക വാഹനം വേണം: പൊലീസ് സ്റ്റേഷനു മുമ്പില്‍ മോദിയുടെ സഹോദരന്റെ ധര്‍ണ
India
അകമ്പടി സേവിക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക വാഹനം വേണം: പൊലീസ് സ്റ്റേഷനു മുമ്പില്‍ മോദിയുടെ സഹോദരന്റെ ധര്‍ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 11:20 pm

 

ജയ്പൂര്‍: തനിക്ക് അകമ്പടി സേവിക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക വാഹനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ ധര്‍ണ. ജയ്പൂര്‍ അജ്‌മേര്‍ നാഷണല്‍ ഹൈവേയിലെ ബാഗ്രു പൊലീസ് സ്റ്റേഷനു മുമ്പിലായിരുന്നു മോദിയുടെ സഹോദരന്റെ ധര്‍ണ.

പ്രഹ്ലാദ് മോദിയ്‌ക്കൊപ്പം പോകാനായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ്രു പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തെ കാത്തുകിടക്കുന്നുണ്ടെന്നാണ് ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ അനന്ത് ശ്രീവാസ്തവ പറഞ്ഞത്. ചട്ടപ്രകാരം അവര്‍ സംരക്ഷിക്കേണ്ട ആളുടെ വാഹനത്തിലാണ് ഇരിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ അദ്ദേഹത്തിന് രണ്ട് സുരക്ഷാ ഓഫീസര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഞങ്ങള്‍ അദ്ദേഹത്തെ കാണിച്ചു. ഓഫീസര്‍മാര്‍ അദ്ദേഹത്തിനൊപ്പം വാഹനത്തില്‍ ഇരുന്നു. എന്നാല്‍ അവരെ അതേ വാഹനത്തില്‍ കൊണ്ടുപോകാന്‍ പ്രഹ്ലാദ് മോദി തയ്യാറായില്ല. അകമ്പടിയ്ക്ക് പ്രത്യേക വാഹനം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.’ അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയച്ചെന്നും കമ്മീഷണര്‍ അറിയിച്ചു. ‘രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം പോയിട്ടുണ്ട്.’ ശ്രീവാസ്തവ പറഞ്ഞു.

ധര്‍ണ ഒരു മണിക്കൂറോളം നീണ്ടുപോയെന്നാണ് പൊലീസ് ഓഫീസര്‍മാര്‍ പറയുന്നത്. ജയ്പൂരിലേക്ക് പോകാനാണ് പ്രഹ്ലാദ് മോദി സുരക്ഷ തേടിയത്.