യു.പിയില്‍ പിടിവിടാതെ കേന്ദ്രം; മോദിയുടെ വിശ്വസ്തന്‍ എ. കെ. ശര്‍മ്മയെ ബി.ജെ.പി. ഉപാധ്യക്ഷനായി നിയമിച്ചു
national news
യു.പിയില്‍ പിടിവിടാതെ കേന്ദ്രം; മോദിയുടെ വിശ്വസ്തന്‍ എ. കെ. ശര്‍മ്മയെ ബി.ജെ.പി. ഉപാധ്യക്ഷനായി നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 6:32 pm

ലക്‌നൗ: യു.പിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ എ. കെ. ശര്‍മ്മയെ സംസ്ഥാന ബി.ജെ.പി. ഘടകത്തിന്റെ ഉപാധ്യക്ഷനായി നിയമിച്ചു. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ കേന്ദ്ര നീക്കം.

നിലവില്‍ യു.പി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ എ.കെ. ശര്‍മ്മയ്ക്ക് മന്ത്രി പദവി നല്‍കുമെന്ന് ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശര്‍മ്മയെ മന്ത്രിയാക്കുന്നത് യോഗി ആദിത്യനാഥിന്റെ പദവിയ്ക്ക് വിള്ളലുണ്ടാക്കുമെന്ന പ്രചരണവും ശക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ശര്‍മ്മയെ ബി.ജെ.പി. ഘടകത്തിന്റെ ഉപാധ്യക്ഷനാക്കുന്നുവെന്ന പ്രഖ്യാപനവുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.

ഗുജറാത്തില്‍ നിന്നുള്ള മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എ.കെ. ശര്‍മ്മ. ഇദ്ദേഹത്തിന് പാര്‍ട്ടിയ്ക്കുള്ളില്‍ സ്വീകാര്യത ഏറെയാണ്. എന്നാല്‍ യു.പിയില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കിയത് മറ്റൊരു സംഭവമാണ്.

ഉത്തര്‍പ്രദേശില്‍ കൊവിഡ് അതിരൂക്ഷമായി പടര്‍ന്ന സാഹചര്യത്തില്‍ ശര്‍മ്മ നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിയത്. മോദിയുടെ മണ്ഡലമായ വാരണാസിയിലും കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു.

ഈ ഘട്ടത്തിലാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി കേന്ദ്രം എ.കെ. ശര്‍മ്മയെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് ശര്‍മ്മയുടെ ഇടപെടലിലൂടെ യു.പിയിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വാരണാസിയെ രോഗവ്യാപന നിരക്ക് കുറവുള്ള ജില്ലയാക്കി മാറ്റാന്‍ പിന്നീടുള്ള ദിവസങ്ങളില്‍ സാധിച്ചുവെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.

എന്നാല്‍ എ.കെ. ശര്‍മ്മയെ മന്ത്രി പദവിയിലേക്ക് ഉയര്‍ത്തുന്നതിലുള്ള എതിര്‍പ്പുകള്‍ യോഗി പ്രകടിപ്പിച്ചിരുന്നു.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ യോഗിയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് ബി.ജെ.പിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് യു.പിയില്‍ മന്ത്രിസഭാ പുന: സംഘടനയെപ്പറ്റി കേന്ദ്ര നേതൃത്വം ചില ചര്‍ച്ചകള്‍ നടത്തിയത്. യോഗിയും സംസ്ഥാനത്തെ എം.എല്‍.എമാരും തമ്മിലുള്ള പോര് ഒത്തുതീര്‍പ്പാക്കാനും കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു.

 


Content Highlights: PM’s Aide Made UP BJP Vice President, After Buzz Over Role As Minister