| Wednesday, 4th April 2012, 2:08 pm

അട്ടിമറി വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പ്രധാനമന്ത്രി; സേനയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: രാജ്യത്ത് സൈനിക അട്ടിമറി നടത്താന്‍ ദല്‍ഹി ലക്ഷ്യമാക്കി സൈനിക നീക്കമുണ്ടായെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. റിപ്പോര്‍ട്ടിനെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും ഇത്തരം വാര്‍ത്തകള്‍ ഭീതി ജനിപ്പിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനയുടെ ഓഫീസ് മഹത്തരമാണ്. അത്തരം ഒരു ഓഫീസിന്റെ മാന്യത കാത്തുസൂക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കും ഉണ്ടെന്നും അതിന്റെ അന്തസ് താഴ്ത്തുന്ന യാതൊരു നടപടിയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈനിക അട്ടിമറി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയും തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്ത അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയും സൈന്യത്തില്‍ നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെന്നും മൂന്ന് സേനകളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ പറയുന്ന പോലെ ഒരു നീക്കവും സൈന്യം നടത്തിയിട്ടില്ല. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് മാത്രമാണ് നടന്നത്. മാധ്യമ റിപ്പോര്‍ട്ട് ശുദ്ധ അസംബദ്ധവും അടിസ്ഥാന രഹിതവുമാണെന്നും ആന്റണി വ്യക്തമാക്കി.

കരസേനയും മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തു വന്നു. വസ്തുതകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുയായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ പറഞ്ഞു. സൈന്യം നിത്യേന നടത്തുന്ന പരിശീലനത്തിന്റെ ഭാഗം മാത്രമാണതെന്ന് കരസേന വിശദീകരിച്ചു.

ജനുവരി 16, 17 തീയതികളില്‍ ഹരിയാനയില്‍ നിന്നും ആഗ്രയില്‍ നിന്നും രാജ്യതലസ്ഥാനമായ ദല്‍ഹിയിലേക്ക് രണ്ടു യൂണിറ്റ് സായുധ സൈനികര്‍ നീങ്ങിയിരുന്നുവെന്നും സര്‍ക്കാര്‍ ഇടപെട്ട് നീക്കം തടഞ്ഞുവെന്നുമാണ് പ്രമുഖ ദേശീയ ദിനപത്രമായ “ദി ഇന്ത്യന്‍ എക്‌സ്പ്രസ്” റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത എക്‌സ്‌ക്ലൂസീവ് ആയി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സുപ്രധാനമായ ഈ വിവരമുള്ളത്. പ്രായ വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും കരസേനാ വേധാവിയും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് സൈനിക നീക്കം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, രാജ്യത്ത് സൈനിക അട്ടിമറി നീക്കം നടന്നതായി വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജിവെയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാജിവെയ്ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more