| Wednesday, 26th June 2019, 3:15 pm

'മുസ്‌ലീങ്ങളെ പരിഷ്‌കൃതരാക്കേണ്ടത് കോണ്‍ഗ്രസിന്റെ പണിയല്ല; അവര്‍ ഗട്ടറില്‍ കിടക്കുകയാണെങ്കില്‍ കിടക്കട്ടെ' യെന്ന് പറഞ്ഞത് നരസിംഹറാവു; വിശദീകരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലീങ്ങളെ പരിഷ്‌കൃതരാക്കേണ്ടത് കോണ്‍ഗ്രസിന്റെ പണിയല്ലെന്ന് രാജീവ് ഗാന്ധി ഭരണകാലത്ത് പറഞ്ഞതായി ലോക്‌സഭയില്‍ ചൊവ്വാഴ്ച പ്രസംഗിക്കവേ മോദി പറഞ്ഞിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് ആരിഫ് മുഹമ്മദ് ഖാന്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാദം. ഏതുനേതാവാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് മോദി വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ രാജീവ് ഗാന്ധിയല്ല, നരസിംഹ റാവുവാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ആരിഫ് പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാ ബാനു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും ആരിഫ് വ്യക്തമാക്കി.

‘ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാ ബാനു വിഷയത്തില്‍ ഒരു പരിപാടി നടന്നിരുന്നു. പ്രധാനമന്ത്രി സൂചിപ്പിച്ച പരാമര്‍ശം അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പി.വി നരസിംഹറാവു നടത്തിയതാണ്.’

ഷാ ബാനു കേസില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജിവെച്ചതിനു പിന്നാലെയുണ്ടായ സംഭവങ്ങള്‍ വിശദീകരിച്ച് ആരിഫ് തുടര്‍ന്നു, ‘ ഞാന്‍ രാജിവെച്ച ദിവസം വൈകുന്നേരം, എനിക്കു വീട്ടിലിരിക്കാന്‍ കഴിഞ്ഞില്ല. ആരെയും കാണാന്‍ വയ്യാത്തതിനാല്‍ ഞാനെന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയി. അന്ന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പിറ്റേദിവസം രാവിലെ 10.45 ഓടെ ഞാന്‍ പാര്‍ലമെന്റില്‍ എത്തിയസമയത്ത് അരുണ്‍ സിങ് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അദ്ദേഹം എന്നെ പ്രധാനമന്ത്രിയുടെ വെയ്റ്റിങ് റൂമിലേക്ക് കൊണ്ടുപോയി. അദ്ദേഹം എന്നെ അഭിനന്ദിച്ചുകൊണ്ടുപറഞ്ഞു, ആര്‍ക്കും നിങ്ങളെ കുറ്റംപറയാനാവില്ല. പക്ഷേ രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിക്കണം.’

ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതിനെതിരെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഷാ ബാനു എന്ന 62കാരി തുടങ്ങിവെച്ച നിയമപോരാട്ടങ്ങളാണ് ഷാ ബാനു കേസ്. ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് 1986ല്‍ കേസില്‍ സുപ്രീം കോടതി വിധിച്ചു. ഇതിനെതിരെ മുസ്‌ലിം പൗരോഹത്യം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ വിധിയെ മറികടക്കാന്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്‌ലിം വിവാഹമോചന നിയമം പസാക്കി. ഈ നിയമപ്രകാരം വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീക്ക് ഇദ്ദ കാലയളവില്‍ (90 ദിവസം) ജീവനാംശം കൊടുക്കാന്‍ മാത്രമേ ഭര്‍ത്താവിന് ബാധ്യതയുള്ളൂ.

We use cookies to give you the best possible experience. Learn more