പാര്‍ലമെന്റില്‍ രാഹുലിന് മുഖംകൊടുക്കാതെ മോദി; രാഹുലിന്റെ കൈപിടിച്ച് അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാരായ വിജയ് ഗോയലും രാംദാസ് അത്താവലെയും
national news
പാര്‍ലമെന്റില്‍ രാഹുലിന് മുഖംകൊടുക്കാതെ മോദി; രാഹുലിന്റെ കൈപിടിച്ച് അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാരായ വിജയ് ഗോയലും രാംദാസ് അത്താവലെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 3:17 pm

ന്യൂദല്‍ഹി: പാര്‍ലമെന്റിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുഖം കൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്‍മാരെല്ലാം ഇന്ന് പാര്‍ലമെന്റില്‍ ഒത്തുചേര്‍ന്നിരുന്നു.

പാര്‍ലമെന്റ് ആക്രമണം നടന്ന് 17 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ആക്രമത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍.

എന്നാല്‍ രാഹുലും മോദിയും അടുത്തടുത്തുണ്ടായിരുന്നിട്ടും രാഹുലിന് മുഖം നല്‍കാനോ സംസാരിക്കാനോ മോദി തയ്യാറായില്ല. കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ്ങിനോടും മറ്റു നേതാക്കളോടും കുശലാന്വേഷണം നടത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ മുഖത്തുപോലും മോദി നോക്കിയില്ല.


രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി; പ്രഖ്യാപനം വൈകീട്ട്


എന്നാല്‍ കേന്ദ്രമന്ത്രിമാരായ വിജയ് ഗോയലും രാംദാസ് അത്താവലേയും രാഹുലിന് അടുത്തേക്ക് വരികയും തെരഞ്ഞെടുപ്പു വിജയത്തില്‍ രാഹുലിനെ അഭിനന്ദിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്ക് കൈകൊടുത്തായിരുന്നു ഇവര്‍ ആശംസ അറിയിച്ചത്.

രാജ്യസഭാ ചെയര്‍മാനായ എം. വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.