ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യവസായികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ പരിഹസിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാവപ്പെട്ടവര്‍ക്കായി ഞങ്ങള്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്താല്‍ പ്രധാനമന്ത്രിക്ക് പ്രശ്‌നമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍കിട വ്യവസായികള്‍ക്ക് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി ഞങ്ങള്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്താല്‍ അദ്ദേഹത്തിന് പ്രശ്‌നമാണ്,’ഖാര്‍ഗെയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന.
പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ബില്ല് അടക്കേണ്ടതില്ലെന്നും ആദ്യ 100 യൂണിറ്റ് വൈദ്യുതി പൂര്‍ണമായും സൗജന്യമായി നല്‍കുമെന്നും ഗെഹ്‌ലോട്ട് ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 200 യൂണിറ്റ് വരെ ഫിക്സഡ് ചാര്‍ജുകളും ഇന്ധന സര്‍ചാര്‍ജും മറ്റ് ചാര്‍ജുകളും ഒഴിവാക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു.
‘ജനങ്ങളുമായി സംസാരിച്ചതിന് ശേഷം വൈദ്യുതി ബില്ലിലെ ഇളവില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. മെയ് മാസത്തിലെ വൈദ്യുതി ബില്ലിലെ ഇന്ധന സര്‍ചാര്‍ജ് സംബന്ധിച്ചും ജനങ്ങളില്‍ നിന്നും നിര്‍ദേശം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്,’ എന്നായിരുന്നു ഗെഹ്‌ലോട്ട് ട്വീറ്റിലൂടെ അറിയിച്ചിരുന്നത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദേശീയ സ്വത്തുക്കളും പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ചങ്ങാത്ത മുതലാളികള്‍ക്ക് തീ വിലക്ക് വില്‍ക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. ഇത് ദേശവിരുദ്ധ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കൊള്ള ഇന്ത്യയിലെ ദരിദ്രര്‍, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ തൊഴില്‍ അവസരങ്ങളെ തട്ടിയെടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contenthighlight: PM provide benefit to industrialist and whenever congress promise benefit to poor, they redicule it