ടാം റേറ്റിങ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയക്കളിയാണ് മോദി നടത്തുന്നതെന്നും ടി.ആര്‍.പി അടിസ്ഥാനപ്പെടുത്തിയാണ് മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ന്യൂദല്‍ഹി: നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായയുടെ തടവിലകപ്പെട്ട പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ടാം റേറ്റിങ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയക്കളിയാണ് മോദി നടത്തുന്നതെന്നും ടി.ആര്‍.പി അടിസ്ഥാനപ്പെടുത്തിയാണ് മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷനിലെ റേറ്റിങ് ലക്ഷ്യം വെച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ല. മോദി അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ തടവിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയും പൊങ്ങച്ചവും കാരണം അടിക്കടി നഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് രാജ്യമെന്നും നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന അനുഭവസമ്പത്തുള്ള ആളുകളുടെ അഭിപ്രായങ്ങളെ മറികടന്ന് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയും രാഹുല്‍ പ്രതികരിച്ചു. ഭീകരവാദത്തിനെതിരെ ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടരുന്ന പ്രകോപനങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് നാം മിന്നലാക്രമണം നടത്തിയത്.
എന്നാല്‍, പാക്ക് അധീന കാശ്മീരിലെ മിന്നലാക്രമണത്തിനുശേഷം 21 വലിയ അക്രമണങ്ങളും നൂറോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുമായി അതിര്‍ത്തിയിലുണ്ടായിട്ടുള്ളത്. 85 സൈനികര്‍ ഇതുവരെ വീരമൃത്യു വരിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കാശ്മീരില്‍ വലിയ രാഷ്ട്രീയ ശൂന്യതയാണു മോദി സൃഷ്ടിച്ചത്. അതാണ് ഭീകരര്‍ക്ക് അവിടെ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കിയത്. കാശ്മീര്‍ കത്തിക്കൊണ്ടിരുന്നപ്പോള്‍ മൗനം പാലിച്ചയാള്‍ ഇപ്പോള്‍ തങ്ങളെ അധിക്ഷേപിക്കുകയാണ്. ബി.ജെ.പി-പി.ഡി.പി രാഷ്ട്രീയ സഖ്യത്തിലൂടെ കാശ്മീരില്‍ രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ച, ഭീകരവാദം വളര്‍ത്തിയ പ്രധാനമന്ത്രിയെന്നാകും മോദിയെ ചരിത്രം രേഖപ്പെടുത്തുകയെന്നും രാഹുല്‍ പറഞ്ഞു.