കൂട്ട സ്ഥലംമാറ്റത്തില്‍ ക്രമക്കേട്; ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
national news
കൂട്ട സ്ഥലംമാറ്റത്തില്‍ ക്രമക്കേട്; ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2022, 11:05 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

ആര്‍.ക്യൂബ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായ മനീഷ് ശ്രീവാസ്തവ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ വകുപ്പിലെ ട്രാന്‍സ്ഫര്‍ പോസ്റ്റിങ്ങുകളില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

സംസ്ഥാനത്തെ പല ജില്ലകളിലെയും ആരോഗ്യ മേഖലക്ക് മന്ത്രാലയം നല്‍കിയിരുന്ന പണം അമിത് മോഹന്‍ പ്രസാദ് നിര്‍ത്തലാക്കിയെന്നും അത് ദുരുദ്ദേശത്തോടെയാണെന്നും മനീഷ് ശ്രീവാസ്തവ പരാതിയില്‍ ആരോപിച്ചു.

മുമ്പും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പോസ്റ്റിങ്ങുകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതാക് നടപടി സ്വീകരിച്ചിരുന്നു. ഡോക്ടര്‍മാരെ കാരണമില്ലാതെ സ്ഥലം മാറ്റിയതില്‍ അതൃപ്തി അറിയിച്ച പതാക് സ്ഥലം മാറ്റിയവരുടെ ലിസ്റ്റും അവരുടെ സ്ഥലംമാറ്റത്തിന്റെ കാരണവും വ്യക്തമാക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറി ഡി.എസ്. മിശ്ര, അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്‌നിഷ് അവസ്തി, സഞ്ജയ് ഭൂസ്റെഡ്ഡി എന്നിവരെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്.

Content Highlight: PM office orders probe against Uttar Pradesh health department Additional Chief Secretary over irregularities in transfers