ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു”- എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ട്വിറ്ററിലൂടെയും അല്ലാതെയും
മോദിയും രാഹുലും വാക്പോര് ആരംഭിച്ചിരുന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെടുമ്പോള്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് മോദി പറയുന്നത്.
ഇന്നാണ് രാഹുല്‍ ഗാന്ധിയുടെ 48 ാം ജന്മദിനം. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളും സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി രാഹുലിന് ജന്മദിനാശംസ നേരും. ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും രാഹുലിന് ജന്മദിനാശംസ നേര്‍ന്ന് രംഗത്തെത്തിയത്.
19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ പദവി വഹിച്ചിരുന്ന സോണിയാ ഗാന്ധി ഇക്കഴിഞ്ഞ ഡിസംബറിലാണ് അധ്യക്ഷ പദവി രാജിവെച്ച് രാഹുലിനെ ആ സ്ഥാനം കൈമാറിയത്.