| Tuesday, 9th February 2021, 8:35 am

ബൈഡനുമായി ചര്‍ച്ച നടത്തിയെന്ന് മോദി; പ്രതികരിക്കാതെ ബൈഡന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ജോ ബൈഡനെ വിളിച്ച് അഭിനന്ദിച്ചെന്നും വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥ വ്യതിയാനം, നയതന്ത്രബന്ധം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയെന്നും മോദി അറിയിച്ചു.

താനും ബൈഡനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു. ബൈഡനുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

ബൈഡന്റെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. പ്രാദേശിക വിഷയങ്ങളും ഞങ്ങളും ഇരുവരും മുന്‍ഗണന കല്‍പ്പിക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്തു. കാലാവസ്ഥവ്യതിയാനത്തിനെതിരെ കൂടുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമായെന്നും മോദിയുടെ ആദ്യ ട്വീറ്റില്‍ പറയുന്നു.

‘പ്രസിഡന്റ് ജോ ബൈഡനും ഞാനും അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായവരാണ്. ഇന്തോ-പസഫിക് മേഖലയിലും മറ്റു ഭാഗങ്ങളിലും സമാധാനവും സുരക്ഷിതത്വവും വര്‍ധിപ്പിക്കാനായി നമ്മുടെ നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രതീക്ഷിക്കുന്നു,’ മോദി മറ്റൊരു ട്വീറ്റില്‍ വിശദീകരിച്ചു.

ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് പെന്റഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുമെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നത്.

”ഞങ്ങള്‍ ഇന്ത്യയുമായി പ്രതിബദ്ധതയുള്ള ഒരു ബന്ധം കെട്ടിപ്പടുക്കും,” പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. അവര്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്ന് ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തിപ്പെട്ടിരുന്നു. അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളികളില്‍ ഒന്നായി ട്രംപിന്റെ കാലത്ത് ഇന്ത്യയെ അംഗീകരിച്ചിരുന്നു.

അതേസമയം മോദിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ജോ ബൈഡനോ ഓഫീസോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Narendra Modi tweets about discussion with US President Joe Biden

Latest Stories

We use cookies to give you the best possible experience. Learn more