ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ പിണങ്ങി നില്‍ക്കുന്ന ബി.ജെ.പി നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിച്ചെന്നാണ് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശിവമൊഗ മണ്ഡലത്തില്‍ സീറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ഈശ്വരപ്പ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മകന്‍ കെ.ഇ. കാന്തേഷിന് സീറ്റ് നല്‍കാത്ത നടപടിയിലും ഈശ്വരപ്പക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് മോദിയുടെ ഇടപെടല്‍.
ഇതോടെ ബി.ജെ.പി ലിംഗായത്ത് വിരുദ്ധ പാര്‍ട്ടിയാണെന്ന കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് ആക്രമണങ്ങളെ പ്രതിരോധിക്കാനും ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്താനുമുള്ള പുതിയ വഴികള്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലിംഗായത്ത് സമുദായത്തിലെ നേതാക്കള്‍ കഴിഞ്ഞ ദിവസം ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു ലിംഗായത്ത് നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയതായാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കര്‍ണാടക ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളമാണ് ലിംഗായത്തുകള്‍. ലിംഗായത്ത് സമുദായാംഗങ്ങളായ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി എന്നിവര്‍ പാര്‍ട്ടി വിട്ട് തങ്ങളുടെ പാളയത്തില്‍ എത്തിയതിന് ശേഷമാണ് ബി.ജെ.പി ലിംഗായത്ത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കിയത്.