national news
പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 01, 02:13 am
Monday, 1st March 2021, 7:43 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എയിംസില്‍ നിന്നുമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനായി ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനിരിക്കെയാണ് മോദി വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.

മോദി തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘എയിംസില്‍ നിന്നും കൊവിഡ്-19 ആദ്യ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കൊവിഡ്-19നെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര ചടുലമായാണ് പ്രവര്‍ത്തിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന എല്ലാവരോടുമായി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വരൂ, നമുക്ക് ഒത്തൊരുമിച്ച് ഇന്ത്യയെ കൊവിഡ്-19 മുക്തമാക്കാം,’ പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.


45നും 59നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കും 60 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാനാകുക. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ സമയവും കേന്ദ്രങ്ങളും തെരഞ്ഞെടുക്കാനാകും.

തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: PM Narendra Modi took Covid19 Vaccine