കൊച്ചി: യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കന്മാര്‍ രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ശാസ്ത്രജ്ഞന് പത്മ അവാര്‍ഡ് കൊടുത്തുകൊണ്ട് ഈ രാജ്യത്തിന്റെ ആദരവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടായി എന്നത് വലിയൊരു ബഹുമതിയായിട്ട് ഈ സര്‍ക്കാര്‍ കണക്കാക്കുകയാണെന്നും മോദി പറഞ്ഞു.
“യു.ഡി.എഫിലെ കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ പരസ്പരമുള്ള അവരുടെ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രം നമ്പി നാരായണനെ ഒരു കള്ളക്കേസില്‍ കുടുക്കി. ഈ നാടിന്റെ താല്‍പര്യങ്ങള്‍ മുഴുവന്‍ ഹനിച്ച് കൊണ്ട് ഒരു കഠിനാധ്വാനിയായിട്ടുള്ള ശാസ്ത്രജ്ഞനെ കരുവാക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ഈ രാജ്യം ആ ശാസ്ത്രജ്ഞന് പത്മ അവാര്‍ഡ് കൊടുത്തുകൊണ്ട് ഈ രാജ്യത്തിന്റെ ആദരവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടായി എന്നത് വലിയൊരു ബഹുമതിയായിട്ട് ഈ സര്‍ക്കാര്‍ കണക്കാക്കുകയാണ്” പ്രധാനമന്ത്രി തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. യുഡിഎഫ് ദല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നതു മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരു താല്‍പര്യവുമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ അവര്‍ എതിര്‍ക്കുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?. പ്രതിപക്ഷത്തിന് ആശയ പാപ്പരത്തം ബാധിച്ചു. മോദിയെ ആക്ഷേപിക്കല്‍ മാത്രമാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോടു വിലയില്ല. ഒരു വിദേശമണ്ണില്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അവര്‍ ചോദ്യം ചെയ്യുന്നതു കണ്ടു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തില്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുന്നതാണു ശീലം. മധ്യപ്രദേശിലേക്കടക്കം ഇപ്പോള്‍ അതു വ്യാപിച്ചു. ഭാരതീയ സംസ്‌കാരത്തെ എതിര്‍ക്കുന്നതിലും അഴിമതി കാണിക്കുന്നതിലും ഇരു മുന്നണികളും ഒരുമിച്ചാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.