ന്യൂദല്‍ഹി: ബുള്‍ഡോസര്‍ എവിടെയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് മുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബുള്‍ഡോസര്‍ കയറ്റുമെന്നും മോദി പറഞ്ഞു. ബുള്‍ഡോസര്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും യോഗി ആദിത്യനാഥില്‍ നിന്നും പഠിക്കണമെന്നായിരുന്നു മോദിയുടെ പ്രസ്താവന.
‘കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും യു.പിയില്‍ അധികാരത്തില്‍ വന്നാല്‍ രാംലല്ല വീണ്ടും ഒരു ഷെഡ്ഡിനുള്ളിലാകും. അവര്‍ രാമക്ഷേത്രത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കും. ബുള്‍ഡോസര്‍ എവിടെ, എങ്ങനെ ഓടിക്കണമെന്ന് ഇവര്‍ യോഗി ജിയില്‍ നിന്ന് പഠിക്കണം,’ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യാ സഖ്യം രാജ്യത്ത് ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ ഇന്ത്യാ സഖ്യത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയെന്നും മോദി പറഞ്ഞു.
ഇന്ത്യാ സഖ്യം മത്സരിക്കുന്നത് തന്നെ രാജ്യത്ത് അസ്ഥിരത വളര്‍ത്താനാണെന്നും ഈ വിജയത്തോടെ ബി.ജെ.പി ഹാട്രിക് നേടുമെന്നും മോദി അവകാശപ്പെട്ടു.
അയോധ്യയിലെ സുപ്രീം കോടതി വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് വീണ്ടും ആരോപിച്ച മോദി രാജ്യത്തെ വിഭജിച്ചവരാണ് കോണ്‍ഗ്രസെന്നും കുറ്റപ്പെടുത്തി.
അതേസമയം അയോധ്യയില്‍ കോണ്‍ഗ്രസ് ബാബറി പൂട്ടിടുമെന്ന പ്രസ്താവനയില്‍ നിന്നും മോദി മലക്കം മറിഞ്ഞിരുന്നു. അങ്ങനെ ഒരു പ്രസ്താവനയേ താന്‍ നടത്തിയിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളാണ് മോദി നടത്തുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ബജറ്റിന്റെ 15 ശതമാനവും മുസ്‌ലീങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അമ്മമാരുടേയും പെണ്‍മക്കളുടേയും താലിമാലയും സ്വത്തും തട്ടിയെടുത്ത് വിതരണം ചെയ്യുമെന്നതുള്‍പ്പെടെ നിരവധി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിരുന്നു.