ന്യൂദല്‍ഹി: ആദ്യമായി റുവാണ്ട സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട പ്രസിഡന്റിന് സമ്മാനിക്കുന്നത് പശുക്കളെ. 200 പശുക്കളെ മോദി പ്രസിഡന്റിനു സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റുവാണ്ട പ്രസിഡന്റ് പോള്‍ കാഗെയ്മിന്റെ “ഗിരിങ്ക” പദ്ധതിയ്ക്കുള്ള ഇന്ത്യയുടെ സംഭാവനയെന്ന നിലയിലാണ് പശുക്കളെ സമ്മാനിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. റുവാണ്ടയില്‍ നിന്നുതന്നെയാണ് പശുക്കളെ വാങ്ങുകയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു പശുവെന്ന റുവാണ്ടന്‍ സര്‍ക്കാറിന്റെ പദ്ധതിയാണ് ഗിരിങ്ക. 2006ലാണ് പദ്ധതി ആരംഭിച്ചത്. 3.5ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ഗുണകരമായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ പശുവിനെ നല്‍കുന്ന കുടുംബങ്ങള്‍ അവരുടെ പശുക്കള്‍ക്ക് ജനിച്ച ആദ്യ കിടാവിനെ അയല്‍ക്കാര്‍ക്കു നല്‍കണമെന്നാണ് നിര്‍ദേശം.
“പശുവിനെ സംഭാവന ചെയ്യുന്നത് വെറും സാമ്പത്തികമായ ദാനമല്ല മറിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ നന്നായി സംരക്ഷിക്കുന്ന റുവാണ്ടയോടുള്ള നന്ദി പ്രകടനമാണ്” എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
Also Read:പുതിയ 100 രൂപ എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ ചിലവ് 100കോടി; നോട്ട് ക്ഷാമത്തിന് സാധ്യതയെന്നും സൂചന
ജൂലൈ 23 മുതല്‍ 27 വരെയാണ് മോദി ആഫ്രിക്കന്‍ രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത്. ആദ്യം റുവാണ്ടയില്‍ എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഉഗാണ്ടയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പോകും.
റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.