'കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞതിന്'; വസ്തുത വളച്ചൊടിച്ച് കര്‍ണാടകയില്‍ മോദിയുടെ പ്രസംഗം
D' Election 2019
'കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞതിന്'; വസ്തുത വളച്ചൊടിച്ച് കര്‍ണാടകയില്‍ മോദിയുടെ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 8:10 am

ബെംഗളൂരു: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ.പി പ്രകാശ് ബാബുവിനെ ജയിലിലടച്ചത് അയ്യപ്പന്റെ പേര് പറഞ്ഞിട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. വസ്തുതകളെ മറച്ചു വെച്ചായിരുന്നു കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ മോദിയുടെ പ്രസംഗം.

ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് ബാബു പ്രതിയായിട്ടുള്ളത്. ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തുടര്‍ന്ന് മാര്‍ച്ച് 28നാണ് പ്രകാശ് ബാബു ജയിലിലാകുന്നത്.

‘ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലിലടക്കും. ഞാന്‍ ഇന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജയിലില്‍ ആയിരുന്നു. ശബരിമല വിഷയം മിണ്ടിയതിനായിരുന്നു നടപടി. അദ്ദേഹം ഇന്നലെയാണ് പുറത്തിറങ്ങിയത്. വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത്. ഇത് ബി.ജെ.പി അനുവദിക്കില്ല’- റാലിയില്‍ മോദി പറഞ്ഞു.

ഏപ്രില്‍ 13ന് കോഴിക്കോട് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന് മോദി എത്തിയിരുന്നു. യോഗത്തില്‍ ശബരിമലയുടെ പേരെടുത്തുപറയാതിരുന്ന മോദി കര്‍ണാടകയിലും തമിഴ്‌നാട്ടിലും നടന്ന യോഗങ്ങളില്‍ ശബരിമല വിഷയമാക്കുകയും കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

അതേസമയം, പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടുലക്ഷം രൂപയും രണ്ടാളുടെ ജാമ്യത്തിലും മൂന്നുമാസത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലുമാണ് ജാമ്യം അനുവദിച്ചത്.

തൃശൂര്‍ സ്വദേശിനി ലളിത എന്ന സ്ത്രീയെയായിരുന്നു പ്രകാശ് ബാബുവും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു.

കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനം വന്നത്.

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസും പൊതുമുതല്‍ നശിപ്പിച്ച കേസും പ്രകാശ് ബാബുവിനെതിരെ നിലനില്‍ക്കുന്നുണ്ട്.