| Saturday, 18th May 2024, 4:35 pm

ഇന്ത്യയുടെ പുത്രിയാണ് കര്‍ണാടക; മോദി വിഷം ചീറ്റി ഉത്തരേന്ത്യക്കാരേയും ദക്ഷിണേന്ത്യക്കാരേയും വിഭജിക്കുകയാണ്: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരേന്ത്യക്കാരെയും ദക്ഷിണേന്ത്യക്കാരെയും വിഭജിക്കാന്‍ നോക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വിഷം ചീറ്റുന്ന പ്രസ്താവനകളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ കര്‍ണാടകയെ ഇന്ത്യയുടെ പുത്രിയായാണ് കണക്കാക്കുന്നത്. ഇന്ത്യ ആരോടും വിവേചനം കാണിച്ചിട്ടില്ല, പക്ഷേ മോദിയെപ്പോലുള്ളവര്‍ വിഷം ചീറ്റുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകളുമായി ഞങ്ങള്‍ക്ക് സഹജീവി ബന്ധമുണ്ട്, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ സിദ്ധരാമയ്യ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഇന്ത്യാ സഖ്യം ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ ജനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് മോദി ആരോപിച്ചിരുന്നു. എസ്.പി- കോണ്‍ഗ്രസ് കൂട്ടുകെട്ട് അപകടകരമാണ്. അവര്‍ ഇവിടെ നിങ്ങളുടെ വോട്ട് തേടുന്നു, പക്ഷേ അവര്‍ ദക്ഷിണേന്ത്യയിലേക്ക് പോയി ഉത്തര്‍പ്രദേശിലെ ജനങ്ങളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ സനാതന ധര്‍മ്മത്തെ ദുരുപയോഗം ചെയ്യുന്നു,’ എന്നാണ് മോദി പറഞ്ഞത്. ഡി.എം.കെയും കേരളത്തിലെ ഇടതുപക്ഷവും, കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസും അവര്‍ക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞിരുന്നു.

ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍, വടക്കേ ഇന്ത്യയില്‍ പോയി മോദി പറഞ്ഞു കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ തികച്ചും വിദ്വേഷം വമിപ്പിക്കുന്നതാണെന്നും, വിഭജനമാണ് മോദി ഉദ്ദേശിക്കുന്നതെന്നും സിദ്ധരാമയ്യ എക്‌സിലും പങ്കുവെച്ചു. ഇതിനു പിന്നാലെ നിരവധി ആളുകളാണ് എക്‌സില്‍ മോദിക്കെതിരെയുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

നരേന്ദ്രമോദി തരം താഴ്ന്ന പ്രയോഗങ്ങള്‍ നടത്തുകയാണെന്നും, ഈ മനുഷ്യന്‍ രാജ്യത്തിന് തന്നെ അപകടമാണെന്നും ചിലര്‍ എക്‌സില്‍ കുറിച്ചു. ചിലര്‍ മോദിയുടെ നയത്തെ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തോടാണ് ഉപമിച്ചത്.

Content Highlight: PM Narendra Modi spewing venom, trying to divide South and North Indians: Siddaramaiah

We use cookies to give you the best possible experience. Learn more