ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും കൊവിഡ് വ്യാപിക്കാന്‍ കാരണം കോണ്‍ഗ്രസാണെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും മോദി പറയുന്നു.
കൊവിഡ് കാലത്ത് കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
‘ഇപ്പോഴും ചിലര്‍ 2014ല്‍ കുരുങ്ങി കിടക്കുകയാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ തന്നെ അവരെ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് ഇനിയും മനസിലാക്കുന്നില്ല. സാധാരണക്കാരുമായി ഒരു ബന്ധവും കോണ്‍ഗ്രസിനില്ല. രാഷ്ട്രീയ അന്ധതയില്‍ അവര്‍ സകല മര്യാദകളും മറന്നു. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുകയാണ്,’ മോദി പറഞ്ഞു.
കൊവിഡില്‍ പോലും രാഷ്ട്രീയം കലര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും എന്നാല്‍ അതില്‍ വീഴാതെ തങ്ങള്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോയെന്നും മോദി പറഞ്ഞു.
പ്രതിപക്ഷ കക്ഷി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ തൊഴിലാളികളെ കഷ്ടതയിലേക്ക് തള്ളിവിട്ടെന്നും മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്നും സഭയിലില്ലെന്നും മോദി കുറ്റപ്പെടുത്തി.
കൊവിഡിനെ മുന്‍നിര്‍ത്തി തന്നെ അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും തന്റെ പ്രതിച്ഛായ തകര്‍ത്തു കളയാമെന്ന് കരുതിയെന്നും മോദി പറഞ്ഞു.
‘അടുത്ത നൂറ് വര്‍ഷക്കാലത്തേക്ക് കോണ്‍ഗ്രസ് ഇന്ത്യയില്‍ ഭരണം ആഗ്രഹിക്കുന്നില്ല, അവര്‍ക്കതിനൊട്ട് കഴിയുകയുമില്ല. ഈ ഭരണത്തില്‍ കര്‍ഷരുടെ ജീവിത നിലവാരം ഉയര്‍ന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി പലമടങ്ങായി വര്‍ധിച്ചു. ഈ ഭരണത്തില്‍ കര്‍ഷകര്‍ സ്വയം പര്യാപ്തത നേടി.’ മോദി പറയുന്നു.
‘കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തില്‍ കൊവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബി.ജെ.പി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നു,’ മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് അവരുടെ പരമ്പരാഗത സംസ്ഥാനങ്ങള്‍ പോലും അവരെ കൈവിട്ടതെന്നും മോദി പറഞ്ഞു.
‘1988ലാണ് നാഗാലാന്‍ഡിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. 1995ലാണ് ഒഡീഷ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്, 27 വര്‍ഷമായിരിക്കുന്നു.
1994ല്‍ ഗോവിയില്‍ നിങ്ങള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജയിച്ചു. എന്നാല്‍ അതിന് ശേഷം ഗോവയും നിങ്ങളെ കൈവിട്ടു. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1988ലാണ് ത്രിപുരയില്‍ നിങ്ങള്‍ ജയിച്ചത്.
ഉത്തര്‍പ്രദേശിലും ബീഹാറിലും 1985ലാണ് അവസാനം ജയിച്ചത്. 1972ല്‍ പശ്ചിമബംഗാളും നിങ്ങളെ കൈവിട്ടു,’ മോദി കൂട്ടിച്ചേര്‍ത്തു.
Content highlight: PM Narendra Modi slams opposition in Parliament