ന്യൂദൽഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ തന്നെ ഒന്നും പറയാൻ അനുവദിച്ചില്ലെന്നും, പ്രതിപക്ഷ പാർട്ടികൾ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്നും മോദി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും എല്ലാ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം ആവശ്യപ്പെട്ടു.
‘രാജ്യത്തെ 140 കോടി ജനങ്ങളാൽ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ ശബ്ദത്തെ അടിച്ചമർത്താൻ പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനത്തിൽ ശ്രമിച്ചത് നിങ്ങൾ കണ്ടിരിക്കണം. അവർ എന്നെ ഒന്നും പറയാൻ അനുവദിച്ചിരുന്നില്ല. ഇത് അത്തരം പാർട്ടികളുടെ നിഷേധാത്മക സമീപനമാണ്. എന്നാൽ ഇത്തരം ശ്രമങ്ങൾ നടത്തുന്നത് വെറുതെയാണ്.
പരാജയം മറച്ചു വെക്കാനാണ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ സമയം ഉപയോഗിക്കുന്നത്. ജനാധിപത്യത്തിൽ ഇത്തരം തന്ത്രങ്ങൾക്കൊന്നും സ്ഥാനമില്ല,’ മോദി പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ 2024-25 ലെ തൻ്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, ഈ ബജറ്റ് അടുത്ത അഞ്ച് വർഷത്തേക്കുള്ള മികച്ച ബജറ്റായിരിക്കുമെന്നും അത് വികസിത ഭാരതത്തിന് അടിത്തറയിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നിരിക്കുകയാണെന്നും, ജനാധിപത്യത്തിന്റെ അഭിമാനകരമായ ഈ യാത്രയിൽ വരുന്ന ബജറ്റ് സെക്ഷൻ പരമ പ്രധാനമായ ഒന്നാണെന്നും മോദി കൂട്ടിച്ചേർത്തു.
ഫലപ്രദമായ ചർച്ചയ്ക്ക് സെഷൻ ഉപയോഗിക്കണമെന്ന് എം.പിമാരോട് അഭ്യർത്ഥിച്ച മോദി, പാർലമെന്റിന്റെ സെഷൻ മാന്യമായ രീതിയിൽ വിനിയോഗിക്കണമെന്നും അടുത്ത വർഷങ്ങളിലേക്കുള്ള പരിപാടിയിൽ ആത്മാർത്ഥമായി സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടി. കർഷകരുടെയും യുവാക്കളുടെയും ക്ഷേമത്തിനായി എല്ലാവരും പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
Content Highlight: PM Narendra Modi slams Opposition before Parliament Budget Session