ന്യൂദല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ യുവാക്കള്‍ക്ക് വേണ്ടിയുള്ള സാംസ്‌കാരിക ഉത്സവമാണെന്ന് (sanskar utsav for the youth) പ്രധാനമന്ത്രി നരേന്ദ്ര മോദി.
അത് യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കുമെന്നും മോദി പറഞ്ഞു.
ശനിയാഴ്ച ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ വെച്ച് നടന്ന മൂന്നാമത്തെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
”സ്വാതന്ത്ര്യസമര കാലത്ത് കണ്ട ദേശസ്നേഹം അഭൂതപൂര്‍വമായിരുന്നു. അതേ തീക്ഷ്ണതയാണ് നമ്മുടെ ഇന്നത്തെ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതും രാഷ്ട്രനിര്‍മാണത്തിനായി വഴിതിരിച്ചുവിടേണ്ടതും,” മോദി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവ് രാജ്യത്ത് ദേശസ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും രാഷ്ട്രനിര്‍മാണ ദൗത്യവുമായി യുവാക്കള്‍ക്ക് വൈകാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക തലത്തില്‍ ട്രൈബല്‍ മ്യൂസിയങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ക്ക് ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കണമെന്നും മോദി പ്രതികരിച്ചു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍, മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രതിപക്ഷ എം.പിമാരായ ഫാറൂഖ് അബ്ദുല്ല, ശരദ് പവാര്‍, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്ത മറ്റ് കമ്മിറ്റി അംഗങ്ങള്‍.
സിനിമാ രംഗത്ത് നിന്നുള്ളവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ആസാദി കാ അമൃത് മഹോത്സവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 60,000 പരിപാടികള്‍ സംഘടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ വിശദീകരിച്ചു.
Content Highlight: PM Narendra Modi says Patriotic fervor should be inculcated among the youth