ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകബില്ലിനെതിരെ പ്രതിഷേധിച്ച് കൃഷിമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെറ്റിദ്ധാരണകളാണ് പടരുന്നതെന്നും കര്‍ഷകര്‍ക്ക് യഥാര്‍ത്ഥവില ലഭിക്കുന്നില്ലെന്ന പ്രചരണത്തില്‍ തെറ്റുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറില്‍ റയില്‍വേ പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകരെ എത്തരത്തിലാണ് ബോധവാന്മാരാക്കേണ്ടതെന്ന് അകാലി ദളിന് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഭക്ഷ്യവിതരണ വകുപ്പുമന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ്.
ഗോതമ്പ്, അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങുന്നില്ലെന്ന് പറയുന്നത് വ്യാജവാര്‍ത്തയാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും മോദി പറഞ്ഞു.
ലോകസഭയില്‍ വ്യാഴാഴ്ച പാസാക്കിയ കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിനെതിരെ സമരരംഗത്തേക്ക് നേരിട്ട് ഇറങ്ങിയിട്ടുണ്ട്.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. അതില്‍ എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്മെന്റ്) ബില്‍ നേരത്തെ പാസാക്കിയിരുന്നു.
ഈ മൂന്ന് ബില്ലുകളും ഇപ്പോള്‍ ലോക് സഭയില്‍ കൂടി പാസാക്കിയതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്. സെപ്തംബര്‍ 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
സെപ്തംബര്‍ 24 മുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം നടത്തുന്നതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാന്ദേര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: pm narendra modi says misinformation being spread that farmers wont get right prices amid protests over farm bills