| Friday, 19th November 2021, 9:26 am

ഒടുവില്‍ മുട്ടുമടക്കി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തത്സമയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.

അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് മോദി പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.

വരുന്ന പാര്‍ലമെന്‍റ് സെഷനുകളില്‍ നിയമം പിന്‍വലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടികള്‍ ആരംഭിക്കുമെന്നും മോദി അറിയിച്ചു.

താങ്ങുവില അടക്കം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ സമരത്തിലാണ്.

2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നത്.

സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Narendra Modi declared that government will withdraw three farm laws

We use cookies to give you the best possible experience. Learn more