| Monday, 25th December 2017, 6:01 pm

ദല്‍ഹി മുഖ്യമന്ത്രിയെ അവഗണിച്ച് മോദിയുടെ ദല്‍ഹി മെട്രോ ഉദ്ഘാടനം; കൂട്ടിന് യുപി മുഖ്യമന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്ന ദല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്‍ മജന്ത ലൈന്‍ മെട്രോ പാത നാടിന് സമര്‍പ്പിച്ചത്.

നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്ലാഗ് ഓഫും പ്രധാന മന്ത്രി നിര്‍വ്വഹിച്ചു. കഴിഞ്ഞദിവസം പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ പാളം തെറ്റിയ മെട്രോയുടെ ഉദ്ഘാടനമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുഖ്യമന്ത്രിയെ അവഗണിച്ച് നടത്തിയത്. അതേസമയം യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷിസങ്കേതം സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ദല്‍ഹി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

അതേസമയം ഉദ്ഘാടനച്ചടങ്ങിന് ക്ഷണം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ തയ്യാറായില്ല. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ചയില്ലെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

2015 ന് ശേഷം അരവിന്ദ് കെജ്രിവാളിനെ അവഗണിച്ചുള്ള മൂന്നാമത്തെ മെട്രോ ഉദ്ഘാടനമാണ് ബി.ജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

നേരത്തെ ഉദ്ഘാടനത്തിനൊരുങ്ങവെയായിരുന്നു പരീക്ഷണ ഓട്ടത്തിനിടെ പാതയില്‍ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ ട്രെയിന്‍ സമീപത്തെ ഭിത്തിയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ വേണ്ടാത്ത തീവണ്ടിയുടെ കോച്ചുകളുടെ പരീക്ഷണ ഓട്ടമായിരുന്നു അന്ന് നടന്നിരുന്നത്.

We use cookies to give you the best possible experience. Learn more