| Thursday, 21st April 2022, 9:52 am

'തുളസിഭായ്'; ലോകാരോഗ്യ സംഘടനാ മേധാവി ഗെബ്രിയേസസിന് പുതിയ പേരിട്ട് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകാരോഗ്യ സംഘടനാ മേധാവി ട്രെഡോസ് അദാനോം ഗെബ്രിയേസസിന് ഗുജറാത്തി പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറില്‍ നടന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ ഉച്ചകോടിക്കിടെയാണ് ഗെബ്രിയേസസിന് മോദി ‘തുളസിഭായ്’ എന്ന പേര് നല്‍കിയത്.

‘ഞാന്‍ ഇപ്പോള്‍ ഒരു പക്കാ ഗുജറാത്തിയായി മാറിയിരിക്കുന്നു. എനിക്കൊരു ഗുജറാത്തി പേര് തരൂ,’ എന്ന് ഗെബ്രയേസസ് പറഞ്ഞതിന് പിന്നാലെയാണ് മോദി ഗെബ്രയേസസിനെ തുളസിഭായ് എന്ന് വിളിച്ചത്.

ഇതിന് പിന്നാലെ തുളസിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞു. വിവിധ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ ഔഷധ സസ്യമാണ് തുളസിയെന്നും പുരാതന കാലത്ത് മുറിവുകളും മറ്റ് വേദനകളും അണുബാധകളും ചികിത്സിക്കാന്‍ തുളസി പോലുള്ള ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നെന്നും മോദി പറഞ്ഞു.

നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഈ ചെടിയെ ആരാധിക്കുന്നെന്നും ലോകാരോഗ്യ സംഘടനയുടെ തലവനോട് പ്രധാനമന്ത്രി പറഞ്ഞു.

‘മഹാത്മാഗാന്ധിയുടെ ഈ നാട്ടില്‍ നിങ്ങളെ തുളസീഭായ് എന്ന് വിളിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ മോദി പറഞ്ഞു.

ഇന്ത്യ മെഡിക്കല്‍ ടൂറിസത്തിന് പേരുകേട്ടതാണെന്നും വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാനും ആയുഷ് ചികിത്സ പ്രയോജനപ്പെടുത്താനും താല്‍പ്പര്യമുണ്ടെങ്കില്‍, ആയുഷ് വിസ ഒരുക്കുമെന്നും മോദി പറഞ്ഞു.

Content Highlights: PM Narendra Modi renames WHO chief Tulsibhai, bats for Ayush visa

We use cookies to give you the best possible experience. Learn more